| Tuesday, 21st November 2017, 9:11 pm

'പത്മാവതിയെ കുറിച്ച് പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്; 200% ചിത്രത്തിനൊപ്പം'; തുറന്ന് പറഞ്ഞ് രണ്‍വീര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പത്മാവതി സിനിമയ്‌ക്കെതിരായ സംഘപരിവാര്‍ ഭീഷണികളോട് പ്രതികരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്ന രണ്‍വീര്‍ സിംഗ്. അതേസമയം താന്‍ 200 ശതമാനവും പത്മവതിയ്ക്കും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയ്ക്കുമൊപ്പമാണെന്നും താരം വ്യക്തമാക്കി.

വിഷയം വളരെ സെന്‍സിറ്റീവ് ആണെന്നും അതിനാല്‍ പ്രതികരണം നടത്തരുതെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ താരം ചിത്രത്തെ കുറിച്ച് നിര്‍മ്മാതാക്കള്‍ മാത്രമേ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തൂ എന്നും വ്യക്തമാക്കി.

നേരത്തെ സംവിധായകനെതിരെ രൂക്ഷവിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. സംവിധായകന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണെന്നായിരുന്നു യോഗിയുടെ പ്രസ്താവന.

പത്മാവതിയുടെ റിലീസിനെ ചൊല്ലി വിവാദം ശക്തമാകുന്നതിനിടെയാണ് സംവിധായകന്‍ ബന്‍സാലിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ആദിത്യനാഥിന്റെ പ്രതികരണം. ഗൊരഖ്പൂരില്‍ മാധ്യമങ്ങളോട് സസാരിക്കവേയാണ് ബന്‍സാലിക്കെതിരെ ആദിത്യനാഥ് രംഗത്ത് വന്നത്.

പൊതുജനങ്ങളുടെ വികാരം കൊണ്ട് കളിക്കുക എന്നത് ബന്‍സാലിയുടെ സ്ഥിരം രീതിയാണെന്ന് യോഗി പറഞ്ഞു. “സംവിധായകന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റ് തന്നെയാണ്. ഉത്തര്‍പ്രദേശിലെ 22കോടി ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാവണം. സിനിമ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. അതിനാല്‍ തന്നെ ചിത്രം നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്” യോഗി പറഞ്ഞു.


Also Read: മെര്‍സലും പത്മാവതിയും വിവാദമാക്കിയവര്‍ മുക്കി കളഞ്ഞ ഏഴ് പ്രധാനവാര്‍ത്തകള്‍


ബന്‍സാലി ചിത്രം പത്മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാതെ സംസ്ഥാനത്ത് ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം യു പി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പ്രതികരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ആദിത്യനാഥിന്റേയും പ്രതികരണം. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങള്‍ സിനിമ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് യു.പിയും സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. മദ്ധ്യപ്രദേശും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും പത്മാവതി നിരോധിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more