| Thursday, 15th September 2022, 9:46 am

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തതെന്ന് രണ്‍വീര്‍ സിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: സോഷ്യല്‍ മീഡിയയില്‍ തന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന നഗ്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിങ്. ചിത്രത്തില്‍ ദൃശ്യമായിരിക്കുന്ന സ്വകാര്യഭാഗങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നും മുംബൈ പൊലീസിന് നല്‍കിയ മൊഴിയില്‍ രണ്‍വീര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിനെതിരെ കഴിഞ്ഞ ജൂലൈ 26ന് മുംബൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേസിനാധാരമായ ചിത്രം താന്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്ത ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോ ഷൂട്ടിന്റെ ഭാഗമല്ലെന്ന് രണ്‍വീര്‍ അവകാശപ്പെട്ടു.

ചിത്രം മോര്‍ഫ് ചെയ്തതാണോയെന്ന് പരിശോധിക്കാന്‍ ഫോറെന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ് പൊലീസ്. ഫോറന്‍സിക് പരിശോധനയില്‍ മോര്‍ഫ് ചെയ്തുവെന്ന് തെളിഞ്ഞാല്‍ രണ്‍വീറിന് കേസില്‍ ക്ലീന്‍ ചിറ്റ് ലഭിക്കും. ചിത്രത്തില്‍ സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമായെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമല്ലാത്തതിനാല്‍ രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ അശ്ലീലത്തിന്റെ നിര്‍വചന പരിധിയില്‍ വരില്ല. രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങളിലൊന്നും പരാതിക്കാര്‍ നല്‍കിയതിലുള്ള സ്വകാര്യ ഭാഗങ്ങള്‍ കാണപ്പെടുന്ന ചിത്രമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഗസിന് വേണ്ടി രണ്‍വീര്‍ ഫോട്ടോഷൂട്ട് നടത്തിയത്. പിന്നാലെ താരത്തിനെതിരെ പരാതി ഉയരുകയും ജൂലൈ 26ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

ഐ.പി.സി 292(അശ്ലീല പുസ്തക വില്‍പന), 293(യുവാക്കള്‍ക്ക് അശ്ലീല വസ്തുക്കള്‍ വില്‍ക്കല്‍), 509(വാക്കാലോ, പ്രവര്‍ത്തിയാലോ സ്ത്രീത്വത്തെ അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlight: Ranveer Singh said to mumbai police that the contoversial picture circulating on social media of him is morphed 

We use cookies to give you the best possible experience. Learn more