സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവദ് ബോക്‌സ്ഓഫീസ് തകര്‍ത്ത് മുന്നേറുമ്പോള്‍ ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍വീര്‍ സിങ്.
ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയുള്ള രണ്‍വീറിന്റെ പ്രകടനമായിരുന്നു ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയത്. പക്ഷേ ആ കഥാപാത്രം ഏറ്റെടുക്കുമ്പോള്‍ വളരെയധികം ആശങ്കയിലായിരുന്നു താനെന്നാണ് രണ്‍വീറിന്റെ വെളിപ്പെടുത്തല്‍.
“കഥാപാത്രം ഏറ്റെടുക്കുമ്പോള്‍ നല്ല ആശങ്കയുണ്ടായിരുന്നു. ഖില്‍ജിയുടേത് ബൈസെക്ഷ്വല്‍ കഥാപാത്രമായിരുന്നുവെന്ന് സിനിമയുടെ ആരംഭത്തില്‍ തന്നെ സഞ്ജയ് സര്‍ വ്യക്തമാക്കിയിരുന്നു. അത്‌കൊണ്ട് തന്നെ എനിക്ക് ആലോചിച്ചൊരു തീരുമാനം എടുക്കാമായിരുന്നു. പക്ഷേ അത് കഥാപാത്രത്തിന് വേറൊരു തലം നല്‍കുന്നുവെന്നാണ് തന്റെ അഭിപ്രായം. പാരമ്പര്യമായ എല്ലാ സദാചാര അതിര്‍വരമ്പുകളേയും പൊളിച്ചുകളയുന്നതായിരുന്നു അത്” രണ്‍വീര്‍ പറഞ്ഞു.
വലിയ റിസ്‌കുകള്‍ ചെയ്യുന്നവരെ ജനങ്ങള്‍ ഏറ്റെടുക്കുന്ന ഒരു പ്രൊഫഷന്‍ ആണിത്. ജോണി ഡെപ്പ്, ഡാനിയല്‍ ഡെ ലെവിസ്, സ്റ്റീവ് ജോബ്‌സ് ഇവരെല്ലാവരും വഴിമാറി നടന്ന ഒറ്റയാന്മാരായിരുന്നുവെന്നും അവരുടെ ആ സ്പിരിറ്റ് എന്നേയും മുന്നോട്ട് നയിച്ചുവെന്ന് രണ്‍വീര്‍ പറഞ്ഞു.
“തന്റെ മറ്റു സിനിമകള്‍ക്ക് ചെയ്യുന്നത് പോലെതന്നെ ഇതിനു വേണ്ടിയും താന്‍ തയ്യാറെടുപ്പുകള്‍ നടത്തി. 3 ആഴ്ചത്തേക്ക് എന്നെ എന്നില്‍ത്തന്നെ ഞാന്‍ തളച്ചിട്ടു. വ്യത്യസ്ത വീക്ഷണങ്ങളില്‍ ഞാന്‍ കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി. കാരണം ഞാനുമായി ഒരിക്കലും റിലേറ്റ് ചെയ്യാത്തൊരു ക്യാരക്റ്റര്‍ ആയിരുന്നു അത്. കഥാപാത്രത്തിനുള്ളത് പോലെ അതിമോഹമോ കൗശലമോ ഒന്നും തന്നെ എനിക്കില്ല. കഥാപാത്രത്തിനുള്ളത്‌പോലെ ദൃഢ വിശ്വാസം എന്നിലുണ്ടാക്കിയെടുക്കാന്‍ ഞാന്‍ നിരവധി പഠനങ്ങള്‍ നടത്തി. ആ കഥാപാത്രത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കാന്‍ ഞാന്‍ നടത്തിയത് വെറും അടിത്തറ മാത്രമണെന്നും കാരക്ടറിന് വേണ്ടുന്ന തരത്തില്‍ സഞ്ജയ് സാര്‍ എന്നെ മാറ്റിയെടുക്കുകയായിരുന്നു”രണ്‍വീര്‍ പറഞ്ഞു.
ഇത്തരത്തിലുള്ളൊരു കഥാപാത്രം ഏറ്റെടുക്കുക എന്നത് വളരെ വലിയൊരു റിസ്‌ക് തന്നെയാണെന്നും, വലിയ റിസ്‌കുകളും വെല്ലുവിളികളും ഏറ്റെടുക്കാനുള്ള കോണ്‍ഫിഡനന്‍സ് അത് തനിക്ക് നല്‍കിയെന്നും സ്റ്റീരിയോടൈപ്പുകളില്‍ നിന്നും മാറി നടക്കാനുള്ള ഒരു ഊര്‍ജ്ജം പ്രദാനം ചെയ്തുവെന്നും രണ്‍വീര്‍ പറഞ്ഞു.
ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ വലിയൊരു അനുഭവമായിരുന്നുവെന്നും വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞതും തന്റെ പ്രകടനത്തക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും വളരെയധികം സന്തോഷം നല്‍കിയെന്നും രണ്‍വീര്‍ പറഞ്ഞു.
ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാന്‍ എത്രത്തോളം സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്ന് ദൈവത്തിനറിയാം, പക്ഷേ ഇപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയാണ്. എല്ലാത്തിനുമപരി ബന്‍സാലിയെക്കുറിച്ച് താന്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹമാണ് ഈ വിഷന്റെയയെല്ലാം പിന്നിലെന്നും അതിനു വേണ്ടി അദ്ദേഹം ഒരു പോരാട്ടം തന്നെ നടത്തിയെന്നും രണ്‍വീര്‍ പറഞ്ഞു.
അതേസമയം ബോക്സോഫീസ് തകര്‍ത്തു മുന്നേറുന്ന പദ്മാവത് ഒരാഴ്ച കൊണ്ടു മാത്രം വാരിയെടുത്തത് 100 കോടി രൂപയാണ്.