“83” സിനിമയില്‍ കപില്‍ ദേവായി റണ്വീര് സിങ്. ബോളിവുഡില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്യുന്ന റണ്വീര് സിങ് മറ്റൊരു വലിയ ചിത്രത്തിന്റെ ഭാഗമാവാനൊരുങ്ങുകയാണ്.
ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന 83 എന്ന സിനിമയില്‍ കപില്‍ ദേവായി റണ്വീര് എത്തുന്നത് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു.
സിനിമയില്‍ 1983ലെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കപില്‍ ദേവായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. പുതിയ തലമുറക്കായി ഈ ഐതിഹാസിക വിജയം വെള്ളിത്തിരയിലെത്തിക്കുന്നതിന്റെ ഭാഗമാവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം.
“”ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട വിജയമാണ് ഈ സിനിമയുടെ ഇതിവൃത്തം. ആ കഥ അതേപടി പറയുക എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്. എല്ലാം അതില്‍ തന്നെയുണ്ട്. അവര്‍ എങ്ങനെ അത് നേടിയെടുത്തു എന്നും അതിനായി അവര്‍ ഏതെല്ലാം വഴിയിലൂടെ കടന്നുപോയന്നും വലിയൊരു വിഭാഗം ജനതക്ക് ഇപ്പോഴും അറിയില്ല”” -റണ്വീര് പറഞ്ഞു.
കപില്‍ ദേവിന്റെ നിഴലാവാനാണ് താന്‍ ശ്രമിക്കുന്നതെന്നും റണ്വീര് കൂട്ടിച്ചേര്‍ത്തു. “”അദ്ദേഹത്തെ ഞാന്‍ പിന്തുടരുകയും കഥാപാത്രത്തിന് വേണ്ട എല്ലാം കണ്ട് പഠിക്കുകയും ചെയ്യും. ബൗളിങിലും ബാറ്റിങിലും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമോ എന്നും ശ്രമിക്കും. ഇതെനിക്ക് ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണെന്നും പരമാവധി നല്ല രീതിയില്‍ തന്നെ കപിലിനെ വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും”” റണ്വീര് പറഞ്ഞു.
റണ്‍വീറിനെ കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി സന്തു, സക്കീബ് സലീം പങ്കജ് തൃപാദി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.