|

മാന്യതയും ധാര്‍മികതയും ഉണ്ടാകണം; രണ്‍ബീര്‍ അല്ലാഹ്ബാദിയക്ക് ഷോകളുടെ സംപ്രേക്ഷണം തുടരാം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യൂട്യൂബര്‍ രണ്‍ബീര്‍ അല്ലാഹ്ബാദിയക്ക് ഷോകളുടെ സംപ്രേക്ഷണം തുടരാമെന്ന് സുപ്രീം കോടതി. സംപ്രേക്ഷണത്തില്‍ ധാര്‍മികത പുലര്‍ത്തണമെന്നും മാന്യതയുണ്ടാകണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

രണ്‍ബീര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിപാടിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കിയത്.

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് രണ്‍ബീര്‍ അല്ലാഹ്ബാദിയക്കെതിരെ മഹാരാഷ്ട്ര, രാജസ്ഥാന്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ എഫ്.ഐ.ആര്‍ ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നതില്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവിൽ യൂട്യൂബ് ചാനലുകളില്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.

മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണമെന്നും ഇതുസംബന്ധിച്ച് കരട് തയ്യാറാക്കണം, അഭിപ്രായം തേടുകയും ചെയ്യണമെന്നും കോടതി പറഞ്ഞു.

നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്‍ബീറിന്റെ അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തിരുന്നു. ഷോയില്‍ പങ്കെടുത്ത ഒരു മത്സരാര്‍ത്ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ കുറിച്ച് രണ്‍ബീര്‍ ചോദ്യം ഉന്നയിച്ചതാണ് വിവാദത്തിന് കാരണമായത്.

പരാമര്‍ശം വിവാദമായതിന് പിന്നാലെ രണ്‍ബീര്‍, യൂട്യൂബര്‍ സമയ് റെയ്‌ന, ഇന്‍ഫ്‌ലൂവന്‍സര്‍ അപൂര്‍വ മഖിജ എന്നിവര്‍ക്കെതിരെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് ഉണ്ടായത്. പ്രസ്തുത ഷോയുമായി ബന്ധമുണ്ടായിരുന്ന 40 ഓളം പേര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്.

ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷന്‍ 79, സെക്ഷന്‍ 196, 299, 296, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കല്‍, വിദ്വേഷവും ശത്രുതയും വളര്‍ത്തുന്ന പ്രവൃത്തിയും സംസാരവും, മതവിശ്വാസങ്ങളെ അപമാനിക്കല്‍, പൊതുസ്ഥലങ്ങളില്‍ അശ്ലീലത കൈകാര്യം ചെയ്യുന്ന പാട്ടുകള്‍, പ്രവൃത്തികള്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസുകളെടുത്തത്.

Content Highlight: Ranveer Allahabadia can continue airing shows: Supreme Court

Latest Stories