കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിന് കംപ്യൂട്ടറുകളിലെ വിരരങ്ങള്‍ ഈ മാല്‍വെയര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ചോര്‍ത്തി.
കണ്ണൂര്‍: റാന്‍സംവെയര്‍ വൈറസ് ആക്രമണം കേരളത്തിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലും റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിന് കംപ്യൂട്ടറുകളിലെ വിരരങ്ങള്‍ ഈ മാല്‍വെയര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ചോര്‍ത്തി.
എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍(ഡാറ്റ) തിരികെ കിട്ടണമെങ്കില്‍ പണം നല്‍കണമെന്ന സന്ദേശമാണ് ഹാക്കിങിന് ഇരയായവര്‍ക്കു ലഭിക്കുന്നത്. രാജ്യാന്തര തലത്തില്‍ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്ക് തലവേദനയായ ക്രിപ്‌റ്റോവൈറോളജിയെന്ന മാല്‍വയറുകളുടെ പുതിയ രൂപമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കമ്പ്യൂട്ടറുകളിലെ മുഴുവന്‍ വിവരങ്ങളും എന്‍ക്രിപ്റ്റ് ചെയ്ത് മാറ്റി മറിക്കുന്നതാണ് റാന്‍സംവെയര്‍ എന്ന പേരിലറിയപ്പെടുന്ന ഈ ഹാക്കിങ് രീതിയുടെ പ്രത്യേകത. മെയില്‍ വഴിയെത്തിയ സന്ദേശം തുറക്കാന്‍ ശ്രമിച്ചവര്‍ക്കാണ് പ്രശ്‌നമുണ്ടായത്.
ഹാക്ക് ചെയ്യപ്പെട്ടാല്‍ കമ്പ്യൂട്ടറിലെ ഫയലുകളൊന്നും യൂസര്‍ക്കു കാണാനാവില്ല. പണം നല്‍കിയാല്‍ ഡാറ്റ തിരികെ നല്‍കാമെന്ന നോട്ടിഫിക്കേഷന്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതും തട്ടിപ്പാണെന്നാണ് വിദഗ്ധരുടെ പക്ഷം.
പേഴ്‌സനല്‍ കമ്പ്യൂട്ടറുകളിലെ ഹാക്കിങ്ങാണ് ഇതുവരെ പുറത്തു വന്നിരിക്കുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഹാക്കിങ്ങിന് ഇരയായവര്‍.