ന്യൂദല്‍ഹി: കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ആഞ്ഞു വീശി, സൈബര്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വാണക്രൈ റാന്‍സംവേര്‍ ആക്രമണം വീണ്ടും. റഷ്യയിലും യൂറോപ്പിലുമാണ് ഒരു ശാന്തതയ്ക്ക് ശേഷം വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റഷ്യയിലെ എണ്ണക്കമ്പനിയിലും യുക്രൈനിലെ അന്താരാഷ്ട്ര വ്യോമതാവളത്തിലുമാണ് കൂടുതല്‍ ആക്രമണമുണ്ടായത്. ഇരുരാജ്യങ്ങളും കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള പരസ്യഏജന്‍സിയായ ഡബ്ല്യു.പി.പി.യും ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്.
മേയിലുണ്ടായ വാനാക്രൈ ആക്രമണത്തിന് ഇന്ത്യയടക്കം നൂറു രാജ്യങ്ങള്‍ ഇരയായിരുന്നു. കംമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറാണ് ആക്രമണത്തിനുപയോഗിച്ചത്. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.
എന്നാല്‍ വാണക്രൈയ്ക്കു പിന്നില്‍ ഉത്തരകൊറിയ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അതേസമയം, അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി രൂപപ്പെടുത്തിയ കോഡ് കൈക്കലാക്കിയവരാണ് ആക്രമണത്തിനുപിന്നിലെന്നും പറയുന്നു.