| Thursday, 9th March 2023, 6:56 pm

രണ്ടാമന്‍ ബട്‌ലര്‍, മൂന്നാമന്‍ സഞ്ജു, എങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആ പട്ടികയിലെ ഒന്നാമനാര്?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഉദ്ഘാടന സീസണില്‍ ഷെയ്ന്‍ വോണിന്റെ കീഴില്‍ കിരീടത്തില്‍ മുത്തമിട്ട രാജസ്ഥാന്‍ റോയല്‍സിന് പിന്നീടിക്കാലം വരെ ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞ സീസണില്‍ കിരീടത്തിന് അടുത്ത് വരെ എത്തിയെങ്കിലും ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടാനായിരുന്നു പിങ്ക് സിറ്റിയുടെ വിധി.

ഐ.പി.എല്ലിന്റെ 16ാം എഡിഷനില്‍ കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടമായ കിരീടം രാജസ്ഥാന്‍ എന്ത് വിലകൊടുത്തും സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നത്.

ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍ അടക്കമുള്ള ബാറ്റര്‍മാരും ആര്‍. അശ്വിനെ പോലെ സമര്‍ത്ഥരായ ഓള്‍ റൗണ്ടര്‍മാരും ചഹലും ബോള്‍ട്ടും അടങ്ങുന്ന ബൗളിങ് ഡിപ്പാര്‍ട്‌മെന്റും എല്ലാവരേയും ഏകോപിക്കാന്‍ സഞ്ജുവെന്ന നായകനും ചേരുമ്പോള്‍ രാജസ്ഥാന്‍ കംപ്ലീറ്റ് പാക്കേജാണ്.

2008 മുതല്‍ രാജസ്ഥാന്റെ ഐക്കോണിക് ജേഴ്‌സികളില്‍ പല താരങ്ങളും കളിച്ചിട്ടുണ്ട്. അവരില്‍ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റര്‍മാരെ പരിശോധിക്കാം.

#5 യൂസുഫ് പത്താന്‍

കണ്‍സിസ്റ്റന്റായി ബാറ്റ് വീശുന്നതില്‍ പരാജയമായിരുന്നെങ്കിലും രാജസ്ഥാന്റെ റണ്‍വേട്ടക്കാരില്‍ പ്രധാനിയും മികച്ച ബാറ്ററുമായിരുന്നു യൂസുഫ് പത്താന്‍. 2008 ഫൈനലില്‍ താരത്തിന്റെ ഹീറോയിക് ഇന്നിങ്‌സ് ഒരിക്കലും മറക്കാന്‍ സാധിക്കില്ല.

പത്താന്റെ പേരിലുള്ള ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത് അര്‍ധ സെഞ്ച്വറിയുടെയും ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെയും റെക്കോഡ് ഇനിയും തകര്‍ക്കപ്പെടാതെ തുടരുകയാണ്.

രാജസ്ഥാനായി 26.61 ശരാശരിയിലും 161.24 സ്‌ട്രൈക്ക് റേറ്റിലും 1011 റണ്‍സാണ് താരം സ്വന്തമാക്കിയത്.

#4 അജിന്‍ക്യ രഹാനെ

രാജസ്ഥാന്റെ മുന്‍ നായകന്‍ അജിന്‍ക്യ രഹാനെയാണ് പട്ടികയിലെ നാലാമന്‍. ടെക്‌നിക്കല്‍ ക്രിക്കറ്ററുടെ ടെക്സ്റ്റ് ബുക് ഡെഫനിഷനായ രഹാനെ രാജസ്ഥാനായി കളിച്ച 93 ഇന്നിങ്‌സില്‍ നിന്നും 2,810 റണ്‍സാണ് സ്വന്തമാക്കിയത്.

34.27 ശരാശരിയിലും 122.65 സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു രഹാനെ റണ്‍സ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

#3 സഞ്ജു സാംസണ്‍

ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച ഏറ്റവും മികച്ച നായകനാണ് സഞ്ജു സാംസണ്‍. ക്യാപ്റ്റന്‍സിയേറ്റെടുത്ത രണ്ടാം സീസണില്‍ തന്നെ ടീമിനെ ഫൈനല്‍ വരെയെത്തിക്കാനും താന്‍ ക്യാപ്റ്റനായിരുന്ന രണ്ട് സീസണിലും ഫെയര്‍ പ്ലേ അവാര്‍ഡ് രാജസ്ഥാന് നേടിക്കൊടുക്കാനും സഞ്ജുവിനായി.

2013ല്‍ രാജസ്ഥാനൊപ്പം ചേര്‍ന്ന സഞ്ജു ടീമിനായി ഇതുവരെ 2,849 റണ്‍സാണ് സ്വന്തമാക്കിയത്. 14 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 29.68 എന്ന ആവേറേജിലും 137.90 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു സ്‌കോര്‍ ചെയ്യുന്നത്.

കഴിഞ്ഞ സീസണില്‍ 150+ സ്‌ട്രൈക്ക് റേറ്റുള്ള രണ്ടേ രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒരാള്‍കൂടിയായിരുന്നു സഞ്ജു.

#2 ജോസ് ബട്‌ലര്‍

രാജസ്ഥാന്‍ നിരയിലെ നിലവിലെ ഏറ്റവും മികച്ച ബാറ്ററാണ് ബട്‌ലര്‍ എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. കഴിഞ്ഞ സീസണില്‍ താരം തലയിലണിഞ്ഞ ഓറഞ്ച് ക്യാപ് അത് അടിത്തറയിടുന്നതുമാണ്.

കഴിഞ്ഞ സീസണില്‍ ഏററവുമധികം റണ്‍സ് (863) നേടിയ ബട്‌ലറിന്റെ സ്‌ട്രൈക്ക് 149.05ഉം ആവറേജ് 57.53ഉം ആണ്. നാല് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇതിന് പുറമെ ഏറ്റവുമധികം ബൗണ്ടറി (83) ഏറ്റവുമധികം സിക്‌സര്‍ (45) മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ തുടങ്ങിയ നേട്ടവും ബട്‌ലറിന്റെ പേരില്‍ തന്നെയായിരുന്നു.

രാജസ്ഥാന് വേണ്ടി 150.59 സ്‌ട്രൈക്ക് റേറ്റിലും 46.08 ആവറേജിലും 2,304 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. ഐ.പി.എല്‍ 2023 അവസാനിക്കുമ്പോള്‍ പട്ടികയിലെ ഒന്നാമനെ മറികടന്ന് രാജസ്ഥാന്റെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനാകാനും ബട്‌ലറിന് സാധിക്കും.

#1 ഷെയ്ന്‍ വാട്‌സണ്‍

ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കപ്പുയര്‍ത്തിയതിലെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഷെയ്ന്‍ വാട്‌സണ്‍. ആദ്യ എട്ട് സീസണിലും രാജസ്ഥാന്റെ ബാറ്റിങ് നിരയുടെ നെടുംതൂണായ വാട്‌സണ്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ രണ്ട് തവണ എം.വി.പിയും നേടിയിട്ടുണ്ട്.

രാജസ്ഥാന് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയതും വാട്‌സണ്‍ തന്നെയാണ്. 36.49 ശരാശരയിലും 141.27 പ്രഹരശേഷിയിലുമായി 2,372 റണ്‍സാണ് വാട്‌സണ്‍ നേടിയത്. സഞ്ജുവിനെ പോലെ 14 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

CONTENT HIGHLIGHT: Ranking Rajstan Royals’ best batters of all time

Latest Stories

We use cookies to give you the best possible experience. Learn more