ന്യൂദല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 105 ആയതില്‍ മാനദണ്ഡങ്ങളെ പഴിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ പിന്നിലാകാന്‍ കാരണം പട്ടിണി സൂചിക തയ്യാറാക്കിയ രാജ്യാന്തര സംഘടനകളുടെ മാനദണ്ഡങ്ങളിലെ പിഴവാണെന്നാണ് കേന്ദ്രത്തിന്റെ വാദം.
കേരളത്തില്‍ നിന്നുളള സി.പി.ഐ.എമ്മിന്റെ ലോക്‌സഭാ എം.പി കെ.രാധാകൃഷ്ണന് കേന്ദ്ര മന്ത്രി നിമുബെന്‍ ജയന്തിഭായ് നല്‍കിയ മറുപടിയിലാണ് വിചിത്ര പരാമര്‍ശം.
കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നിവയും പൊതുവായ പോഷകാഹാരക്കുറവും മാനദണ്ഡമാക്കിയാണ് കണ്‍സേണ്‍ഡ് വേള്‍ഡ് വൈഡ്, വെല്‍ത്തുംഗര്‍ലൈഫ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ലോ ഓഫ് പീസ് ആംഡ് കോണ്‍ഫ്‌ളിക്ട് എന്നീ സംഘടനകള്‍ പട്ടിണി സൂചിക തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും ഇത് ജനങ്ങള്‍ നേരിടുന്ന പട്ടിണിയുടെ മാനദണ്ഡമല്ലെന്നുമാണ് മന്ത്രി പറയുന്നത്.
അതേസമയം പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന പോഷകാഹാരക്കുറവാണ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന വസ്തുതയ്‌ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വാദങ്ങള്‍ നിരത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇക്കൊല്ലത്തെ ആഗോളപട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. അയല്‍ രാജ്യങ്ങളായ ശ്രീലങ്കയ്ക്കും നേപ്പാളിനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
ആകെയുള്ള 127 രാജ്യങ്ങളുടെ പട്ടികയില്‍ പട്ടിണി അനുഭവിക്കാത്തവരുള്ള രാജ്യത്തിന് പോയിന്റ് നിലയുടെ അടിസ്ഥാനത്തില്‍ പൂജ്യവും ഏറ്റവും മോശം സ്ഥിതിയില്‍ ജീവിക്കുന്നവര്‍ ഉള്ള സ്ഥലത്ത് നൂറിലുമാണ് പോയിന്റ് നില കണക്കാക്കുന്നത്. നൂറില്‍ 27.3 പോയിന്റ് നിലയിലാണ് ഇന്ത്യ എന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Ranking 105th on the Global Hunger Index, the list criteria; Central government with eccentricity