രാജ്യമാണിക്യത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ആ സിനിമ ഹിറ്റാകുമെന്ന് മനസിലായിരുന്നു: രഞ്ജിത്ത്
Film News
രാജ്യമാണിക്യത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ആ സിനിമ ഹിറ്റാകുമെന്ന് മനസിലായിരുന്നു: രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st February 2024, 5:49 pm

2004ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് – മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് രഞ്ജിത്ത്. കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

2005ല്‍ അന്‍വര്‍ റഷീദ് – മമ്മൂട്ടി ചിത്രമായ രാജമാണിക്യത്തിലും രഞ്ജിത്ത് ഒരു പ്രധാനവേഷം ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘അദ്ദേഹം ഒരു ഗ്രേറ്റായ ആക്ടറാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമാണ്. സിനിമാ ജീവിതത്തില്‍ മുന്നോട്ട് പോകുന്ന വഴിയില്‍ ഒരുപാട് നല്ല മനുഷ്യരുമായി പരിചയപെടാന്‍ സാധിക്കുന്നതും ഭാഗ്യമാണ്.

അതില്‍ രാജ്യമാണിക്യം ഒരു കാരണമായി. ആ സിനിമയിലേക്ക് ഞാന്‍ വന്നതില്‍ നന്ദി പറയേണ്ടത് ഒരു ഡയറക്ടറോടാണ്. രഞ്ജിത്ത് സാറാണ് എന്നെ ആ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ചന്ദ്രോത്സവം സിനിമ വഴിയാണ് ഞാന്‍ അദ്ദേഹത്തെ പരിചയപെടുന്നത്.

നാട്ടുരാജാവ് സിനിമ കഴിഞ്ഞപ്പോള്‍ രഞ്ജിത്ത് സാര്‍ ഒരു ദിവസം ചെന്നൈയില്‍ വന്ന് രാജമാണിക്യത്തിന്റെ കഥ പറഞ്ഞു. അപ്പോള്‍ ഞാന്‍ കരുതിയത് അദ്ദേഹമാകും ആ സിനിമ സംവിധാനം ചെയ്യുന്നതെന്നായിരുന്നു. എന്റെ മനസില്‍ അങ്ങനെയായിരുന്നു.

അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു അന്‍വര്‍ റഷീദ്. പിന്നെയാണ് ആ സിനിമ സംവിധാനം ചെയ്യുന്നത് അന്‍വറാണെന്ന് ഞാന്‍ അറിയുന്നത്. അതിലെനിക്ക് സന്തോഷം തോന്നി. കാരണം അന്‍വര്‍ ഒരു പുതിയ സംവിധായകനാണ്.

പിന്നെ കഥ കേള്‍ക്കുമ്പോള്‍ തന്നെ അത് ഹിറ്റാകുമോയെന്ന് നമുക്ക് മനസിലാകുമല്ലോ. രാജ്യമാണിക്യത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അത് ഹിറ്റാകുമെന്ന് മനസിലായി,’ രഞ്ജിത്ത് പറഞ്ഞു.


Content Highlight: Ranjith Talks About Rajamanikyam