| Thursday, 29th February 2024, 10:44 pm

അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ നടക്കാന്‍ പോലും കഴിയാതെ ലൊക്കേഷനിലേക്ക് പോയി; ആദ്യ ദിവസം ഫൈറ്റ് സീന്‍ ചെയ്യിച്ചു: രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രഞ്ജിത്ത്. 1993ല്‍ കെ.എസ്. രാജ്കുമാര്‍ സംവിധാനം ചെയ്ത പൊന്‍ വിലങ്ങ് എന്ന തമിഴ് ചിത്രത്തിലൂടെ രഞ്ജിത്ത് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

2004ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് – മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. അതിന് ശേഷം രാജമാണിക്യം, ചന്ദ്രോത്സവം, ലോകനാഥന്‍ ഐ.എ.എസ് ഉള്‍പ്പെടെയുള്ള നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹോട്ട് എന്‍ സോര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ നാട്ടുരാജാവിനെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത്.

‘ആദ്യം ഞാന്‍ മോഹന്‍ലാല്‍ സാറിനും ഷാജി കൈലാസ് സാറിനും നന്ദി പറയണം. കാരണം എന്നെ മലയാളത്തില്‍ ഇന്‍ട്രഡ്യൂസ് ചെയ്തത് അവരാണ്. നാട്ടുരാജാവ് സിനിമയിലൂടെയായിരുന്നു അത്. ഞാന്‍ അന്ന് വരില്ലെന്ന് പറഞ്ഞിരുന്നു. എനിക്ക് കാലിന് വയ്യാതെ ഇരിക്കുന്ന സമയമായിരുന്നു അത്.

നടക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അതൊന്നും കുഴപ്പമില്ല ഇവിടെ വന്ന ശേഷം നോക്കാമെന്ന് മോഹന്‍ലാല്‍ സാര്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ നാട്ടുരാജാവിലേക്ക് വരുന്നത്. എന്നാല്‍ ലൊക്കേഷനിലെത്തിയതിന്റെ അടുത്ത ദിവസം തന്നെ ഫൈറ്റ് സീനായിരുന്നു ചെയ്യാനുണ്ടായിരുന്നത്.

ത്യാഗരാജന്‍ മാസ്റ്ററായിരുന്നു ഫൈറ്റ് ചെയ്യിച്ചത്. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് എന്റെ ഇന്‍ട്രോ സീനിലെ ആ ഫൈറ്റ് ഷൂട്ട് ചെയ്തത്. ഞാന്‍ ആ വേഷം ചെയ്യാന്‍ രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് എനിക്ക് ആ കഥാപാത്രം ഏറെ ഇഷ്ടമായി. പിന്നെയുള്ളത് മലയാള സിനിമകള്‍ എനിക്ക് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണ്,’ രഞ്ജിത്ത് പറഞ്ഞു.

ഒരു ഇടവേളക്ക് ശേഷം രഞ്ജിത്ത് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കടകന്‍. നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന കടകന്‍ മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലെത്തും.


Content Highlight: Ranjith Talks About Natturajavu Movie And Mohanlal

We use cookies to give you the best possible experience. Learn more