2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് രാജമാണിക്യം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് നടന്‍ രഞ്ജിത്ത് ഒരു പ്രധാനവേഷം ചെയ്തിരുന്നു. സൈമണ്‍ നാടാറെന്ന വില്ലന്‍ കഥാപാത്രമായാണ് രഞ്ജിത്തെത്തിയത്. ഈ കഥാപാത്രം ഇന്നും ഏറെ ആഘോഷിക്കപ്പെടുന്നതാണ്.
ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാജമാണിക്യത്തിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത്. താന്‍ വില്ലനായി കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ രാജമാണിക്യത്തില്‍ എത്തിയതില്‍ ആദ്യം നന്ദി പറയേണ്ടത് ഡയറക്ടര്‍ രഞ്ജിത്തിനോടാണെന്നും താരം പറഞ്ഞു.
‘വില്ലനായി കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യത്തില്‍ വന്നതില്‍ ഞാന്‍ ആദ്യം നന്ദി പറയേണ്ടത് ഡയറക്ടര്‍ രഞ്ജിത്ത് സാറിനോടാണ്. ചന്ദ്രോത്സവം സിനിമക്ക് ശേഷം അദ്ദേഹമാണ് രാജമാണിക്യത്തിന്റെ കഥ എന്നോട് വന്ന് പറയുന്നത്.
‘ഈ വേഷം നീ ചെയ്യണം. ഇത് നിനക്ക് നന്നായിരിക്കും’ എന്ന് അദ്ദേഹം പറയുകയായിരുന്നു. പിന്നെ സംവിധായകന്‍ അന്‍വര്‍ റഷീദിനോടാണ് നന്ദി പറയേണ്ടത്. അന്‍വറിന്റെ ആദ്യ സിനിമയായിരുന്നു രാജമാണിക്യം.
ഈ സിനിമയുടെ ഔട്ട്പുട്ട് എന്താകുമെന്ന് അഭിനയിക്കുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഷൂട്ടിങ് വളരെ ഇന്ട്രസ്റ്റിങ്ങായിരുന്നു. എനിക്ക് അതില്‍ ഏറ്റവും സന്തോഷമുള്ള കാര്യം ഇപ്പോള്‍ എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുന്നുവെന്നാണ്. എവിടെ പോയാലും ആളുകള്‍ സൈമണ്‍ നാടാറെന്ന് വിളിക്കും. വളരെ സന്തോഷമുള്ള ഒരു സിനിമയാണ് രാജമാണിക്യം,’ രഞ്ജിത്ത് പറഞ്ഞു.
2004ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് – മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് രഞ്ജിത്ത്. കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കടകനാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.
Content Highlight: Ranjith Talks About His Charactor In Rajamanikyam