| Friday, 12th November 2021, 5:06 pm

കഥ കേട്ടപ്പോള്‍ കൂടുതലായി ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല; ആസിഫ് അലി-സിബി മലയില്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വയലിന്‍, അപൂര്‍വരാഗം എന്നീ സിനിമകള്‍ക്ക് ശേഷം സിബി മലയില്‍-ആസിഫ് അലി ടീം ഒന്നിക്കുന്ന ചിത്രമാണ് കൊത്ത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

സംവിധായകന്‍ രഞ്ജിതാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോള്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനമെടുത്തതിനെക്കുറിച്ച് മനസ് തുറക്കുകയാണ് രഞ്ജിത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പനും കോശിയും, നായാട്ട് എന്നീ സിനിമകള്‍ നിര്‍മിച്ച് കഴിഞ്ഞ് ഇരിക്കുന്ന സമയത്താണ് സിബി മലയില്‍ സിനിമ ചെയ്യുന്ന കാര്യം അറിയുന്നതെന്നും കഥ കേട്ട് ഇഷ്ടമായാല്‍ നിര്‍മിക്കാമെന്നാണ് വിചാരിച്ചിരുന്നതെന്നും ഇദ്ദേഹം പറയുന്നു.

എന്നാല്‍, കഥ കേട്ടപ്പോള്‍ കൂടുതലായി ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല എന്നാണ് രഞ്ജിത് പറയുന്നത്.

”അയ്യപ്പനും കോശിയും നായാട്ടും കഴിഞ്ഞ് അടുത്ത നിര്‍മാണത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ്, സിബിമലയില്‍ തുടങ്ങാനിരിക്കുന്ന പുതിയ സിനിമയെക്കുറിച്ചറിഞ്ഞത്. നിര്‍മാണം ഏറ്റെടുക്കുന്ന സിനിമകളുടെ പ്രമേയം ശക്തമാകണമെന്ന് നിര്‍ബന്ധമുണ്ട്.

അതുകൊണ്ടുതന്നെ നല്ല കഥ ലഭിച്ചാല്‍ മാത്രം മുന്നോട്ട് പോകാമെന്നായിരുന്നു തീരുമാനം.
കഥ കേട്ട് ഇഷ്ടമായാല്‍ നിര്‍മാണത്തെപ്പറ്റി ആലോചിക്കാമെന്നാണ് സിബിച്ചായനോടു പറഞ്ഞത്. കഥ കേട്ടപ്പോള്‍ കൂടുതലായി ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

അടുത്ത പ്രോജക്ട് ഇതുതന്നെയെന്ന് ഞാനെന്റെ പാര്‍ട്ണര്‍ ശശിധരനെ വിളിച്ചുപറഞ്ഞു. കഥ നല്‍കുന്ന ആത്മവിശ്വാസം ഇന്ന് ഈ സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരിലും കാണുന്നു,” രഞ്ജിത് പറഞ്ഞു.

നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ഹേമന്ത് കുമാറിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ranjith talks about being the producer of movie Kothth

We use cookies to give you the best possible experience. Learn more