പ്രേതം 2വിനു ശേഷം ചെയ്യാൻ ഇരുന്നത് മലയാളത്തിലെ രണ്ട് വലിയ താരങ്ങൾ ഒന്നിച്ചുള്ള ചിത്രം; എന്നാൽ...: രഞ്ജിത്ത് ശങ്കർ
Film News
പ്രേതം 2വിനു ശേഷം ചെയ്യാൻ ഇരുന്നത് മലയാളത്തിലെ രണ്ട് വലിയ താരങ്ങൾ ഒന്നിച്ചുള്ള ചിത്രം; എന്നാൽ...: രഞ്ജിത്ത് ശങ്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2024, 4:55 pm

മലയാളികൾക്ക് സുപരിചതനായ സംവിധായകരിൽ ഒരാളാണ് രഞ്ജിത്ത് ശങ്കർ. 2009-ൽ പുറത്തിറങ്ങിയ പാസഞ്ചർ എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ഇൻഡസ്ട്രിയിലേക്ക് കടന്നുവരുന്നത്. പിന്നീട് അർജുനൻ സാക്ഷി, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, വർഷം, സു സു സുധി വാത്മീകം, പ്രേതം, രാമൻ്റെ ഏതൻതോട്ടം, ഞാൻ മേരിക്കുട്ടി, പുണ്യാളൻ അഗർബത്തീസ് 2,പ്രേതം 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

പ്രേതം 2 കഴിഞ്ഞപ്പോൾ തനിക്ക് ഈ പരിപാടി ബോറടിച്ചെന്ന് രഞ്ജിത്ത് ശങ്കർ. പ്രേതം 2വിനു ശേഷം താൻ മലയാളത്തിലെ രണ്ട് വലിയ താരങ്ങൾ അഭിനയിക്കേണ്ട ചെയ്യാൻ കരുതിയിരുന്നെന്ന് രഞ്ജിത്ത് പറഞ്ഞു. എല്ലാം ശരിയായിരുന്നെന്നും എന്നാൽ താൻ തന്നെയാണ് അവരെ രണ്ടുപേരെയും വിളിച്ച് ചെയ്യുന്നില്ല എന്ന് പറഞ്ഞതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രേതം 2 കഴിഞ്ഞപ്പോൾ എനിക്ക് ഈ പരിപാടി ബോറടിച്ചു. ബോറടിച്ചപ്പോൾ നിർത്തണം എന്ന് തോന്നി. ശരിക്കും പറഞ്ഞാൽ ഞാൻ പ്രേതം 2വിനു ശേഷം ചെയ്യാൻ ഇരുന്നത് ഇവിടുത്തെ വലിയ രണ്ടു വലിയ താരങ്ങൾ അഭിനയിക്കേണ്ട ഒരു സിനിമയാണ്. അത് എല്ലാം ശരിയായിരുന്നു. ഞാൻ തന്നെ അവർ രണ്ടുപേരെയും വിളിച്ചുപറഞ്ഞു, ഞാൻ ചെയ്യുന്നില്ല എന്ന്. ഇതും കൂടെ ചെയ്തു കഴിഞ്ഞാൽ എനിക്ക് പരിപാടി മടുക്കും.

എനിക്കറിയാം നല്ല ബിസിനസ് നടക്കും, വിജയമായിരിക്കും എന്നെല്ലാം. വിജയമായിരിക്കും എന്ന് പറഞ്ഞാൽ അത് എന്തായാലും ആളുകൾ പോയി കാണുമല്ലോ, അങ്ങനെ രണ്ട് സ്റ്റാർസ് അഭിനയിക്കുന്നതല്ലേ. എല്ലാവർക്കും ദോഷം പറയാൻ ബുദ്ധിമുട്ടാ. അത്യാവശ്യം ഒക്കെയായിരിക്കും അങ്ങനെ പടം എടുത്ത് എനിക്ക് മടുത്തു. പിന്നെന്തിനാണെന്ന് തോന്നി. സിനിമ ചെയ്യേണ്ട എന്നൊരു തീരുമാനമെടുത്തു.

പക്ഷേ അപ്പൊ എന്താ പ്രശ്നം? ലൈഫിൽ എന്തെങ്കിലും പർപ്പസ് വേണ്ടേ? ഉപജീവനം എന്ന രീതിയിലുള്ളത് ചെയ്യേണ്ട ആവശ്യമില്ല, ബാക്കിയുള്ള സിനിമയിൽ നിന്നും പൈസ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതുമാത്രമല്ലല്ലോ നമുക്ക് മുന്നോട്ടു ഡ്രൈവ് വേണ്ടേ? അതില്ലാതെ ഇരുന്നപ്പോഴാണ് ഞാൻ ഈ കമല ചെയ്യാൻ വിചാരിച്ചത്. അതെനിക്ക് ബ്യൂട്ടിഫുൾ എക്സ്പീരിയൻസ് ആയിരുന്നു,’ രഞ്ജിത്ത് ശങ്കർ പറഞ്ഞു.

Content Highlight: Ranjith Shankar on the film he left behind