| Tuesday, 7th May 2024, 3:47 pm

എന്റെ ആ ചിത്രം കരിമണൽ ഖനനത്തെ കുറിച്ചാണെന്ന് അവർ പറഞ്ഞപ്പോഴാണ് ശരിയാണെന്ന് എനിക്കും തോന്നിയത്: രഞ്ജിത്ത് ശങ്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാസഞ്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സംവിധായകനായി അരങ്ങേറിയ വ്യക്തിയാണ് രഞ്ജിത്ത് ശങ്കർ.

ജയസൂര്യയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളായ പുണ്യാളൻ അഗർബത്തീസ്, പ്രേതം, സു സു സുധി വാത്മീകം, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ രഞ്ജിത്ത് അവസാനം സംവിധാനം ചെയ്ത ചിത്രം ജയ് ഗണേഷ് ആയിരുന്നു.

ആദ്യ ചിത്രമായ പാസഞ്ചറിനെ കുറിച്ച് പറയുകയാണ് രഞ്ജിത്ത്. ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു പാസഞ്ചർ. ചിത്രത്തിന്റെ റിലീസിന് ശേഷം ശ്രീകാന്ത് നീലകണ്ഠനും സാറ തോമസുമെല്ലാം തന്നോട് പറഞ്ഞത് പാസഞ്ചർ കരിമണൽ ഖനനത്തെ കുറിച്ചുള്ള സിനിമയാണ് എന്നായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു.

താൻ അപ്പോഴാണ് അത് തിരിച്ചറിഞ്ഞതെന്നും അതിനെ കുറിച്ചുള്ള സിനിമയല്ല താൻ എടുത്തതെന്നും രഞ്ജിത്ത് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത് ശങ്കർ.

പാസഞ്ചർ റിലീസായി കഴിഞ്ഞ് അതിന്റെയൊരു ആസ്വാദനത്തിന് ശ്രീകാന്ത് നീലകണ്ഠൻ ചേട്ടനും സാറ തോമസുമെല്ലാം എന്നെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.

അവരൊക്കെ എന്നോട് സംസാരിച്ചപ്പോൾ പറഞ്ഞത്, പാസഞ്ചർ കരിമണൽ ഖനനത്തിന് എതിരെയുള്ള സിനിമയാണെന്നാണ്. അപ്പോഴാണ് ഞാനും അത് തിരിച്ചറിയുന്നത്. സത്യത്തിൽ ഞാൻ അതിനെക്കുറിച്ചൊരു സിനിമയല്ല ഉണ്ടാക്കിയത്. ഞാൻ ആ സബ്ജെക്ടിനെ ഉപയോഗിച്ചു എന്ന് മാത്രം.

ശരിയാണ്. എനിക്ക് ആ പ്രശ്നത്തെ കുറിച്ചറിയാം. അതെന്നെ ബാധിച്ചിട്ടുള്ള പ്രശ്നം തന്നെയാണ്. ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അതിന് വേണ്ടി ഉണ്ടാക്കിയ ഒരു സിനിമയല്ല പാസഞ്ചർ. അതിന് വേണ്ടി ഒരു സിനിമ ഉണ്ടാക്കി കളയാം എന്ന് കരുതി എടുത്ത ഒരു സിനിമയല്ല.

ഇതിലോട്ട് അതിനെ ചേർത്തുവെച്ചു എന്ന് മാത്രമേയുള്ളൂ. അതുപോലെ ഹർത്താലിനെതിരെയൊരു സിനിമയല്ല പുണ്യാളൻ. ഹർത്താലിനെ ഒരു കടയിലേക്ക് ഞാൻ ഫിറ്റ് ചെയ്തു എന്ന് മാത്രമേയുള്ളൂ. അങ്ങനെ ഒരു സോഷ്യൽ കമ്മിറ്റ്മെന്റ് എല്ലാ സിനിമയിലും കാണുന്നുണ്ടെങ്കിൽ എന്റേതിലും അതുണ്ടാവും. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല,’രഞ്ജിത്ത് ശങ്കർ പറയുന്നു.

Content Highlight: Ranjith Shanakar Talk About Passenger Movie

We use cookies to give you the best possible experience. Learn more