കൊച്ചി: ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചു എന്നറിയിച്ചുകൊണ്ട് സംവിധായകന്‍ രഞ്ജിത്ത് പങ്ക് വെച്ച ഓഡിയോ സന്ദേശത്തില്‍ തനിക്കെതിരെ ഒരുകൂട്ടം ആളുകള്‍ നടത്തിയ സംഘടിത പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ ആരോപണമുണ്ടായതെന്ന് പരാമര്‍ശം. താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റത് മുതല്‍ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി പറഞ്ഞ രഞ്ജിത്ത് ആരോപണത്തില്‍ നിയമ
നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
‘എനിക്കെതിരെ നിന്ദ്യമായ രീതിയില്‍ ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്ര. ഇത് കുറച്ച് കാലങ്ങളായി, കൃത്യമായി പറഞ്ഞാല്‍ എന്ന് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത അന്ന് മുതല്‍ ഒരു സംഘം ആളുകള്‍ നടത്തിയ ഗൂഢാലോചനയുടെ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം.
ഒതു വ്യക്തി എന്ന നിലയില്‍ എനിക്ക് സംഭവിച്ച ഈ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല. എങ്കിലും ഈ ആരോപണം ശരിയല്ലെന്ന് എനിക്ക് പൊതുസമൂഹത്തിന് മുമ്പില്‍ തെളിയിച്ചേ പറ്റൂ. ഈ ആരോപണത്തിലെ ഒരു ഭാഗം വസ്തുതാവിരുദ്ധമാണ്. അത് അവരുടെ ആരോപണത്തില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ എന്റെ ഭാഗം തെളിയിക്കുന്നതിനായി ഞാന്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതിന് പിന്നിലെ സത്യം തെളിയണം.
അതേസമയം കേരള സര്‍ക്കാരിനെ മനപ്പൂര്‍വ്വം ചളിവാരി എറിയാന്‍ മാധ്യമങ്ങള്‍ എന്റെ പേര് ഉപയോഗിച്ചത് ഏറെ അപമാനകരമാണ്. എന്നെ എസ്.എഫ്.ഐ നേതാവ് എന്ന പേരില്‍ വലിയ ശബ്ദത്തില്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നുണ്ട്.
സത്യം എന്തെന്ന് അറിയാതെ നടക്കുന്ന ഈ ആക്രമണത്തില്‍ എന്റെ പേരില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്കുണ്ടായ കളങ്കങ്ങള്‍ കണക്കിലെടുത്ത് ഞാന്‍ ഔദ്യോഗിക സ്ഥാനം രാജി വെക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു സമയത്ത് സത്യം പുറത്ത് വരും.
അത് അത്ര വിദൂരമല്ല. എന്നാല്‍ ആ നിയമ പോരാട്ടം സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നല്ല നടത്തേണ്ടത് എന്ന ബോധ്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. അതുകൊണ്ട് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഞാന്‍ രാജി വെക്കുകയാണ്. ഈ രാജി സ്വീകരിക്കണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട് സാംസ്‌കാരിക മന്ത്രിയോടും ആദരണീയനായ മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുകയാണ്.
അതോടൊപ്പം എന്റെ വീടിന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന മാധ്യമങ്ങളോട് ഈ സന്ദര്‍ഭത്തില്‍ ശബ്ദസന്ദേശത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതലൊന്നും പറയാനില്ല. അവരെ അഭിമുഖീകരിക്കണ്ട ആവശ്യവും എനിക്കില്ല,’രഞ്ജിത്ത് മാധ്യമങ്ങള്‍ക്കയച്ച ഓഡിയോയില്‍ പറഞ്ഞു.
അതേസമയം രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദുഖമോ ഇല്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര പ്രതികരിച്ചു. പറയാനുള്ളത് പറഞ്ഞെന്നും ഇനി പ്രതികരണത്തിനില്ലെന്നും നടി പറഞ്ഞു.
എന്നാല്‍ രഞ്ജിത്തിനോട് ആരും രാജി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം സ്വമേധയ രാജിവെക്കുകയായിരുന്നെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പമാണെന്ന് പറഞ്ഞ മന്ത്രി താന്‍ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച മാധ്യമ വാര്‍ത്തകള്‍ പ്രയാസമുണ്ടാക്കിയതായും പ്രതികരിച്ചു.
Content Highlight: Ranjith says this allegation is part of an organized movement against me by a group of people