2009ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായ വ്യക്തിയാണ് രഞ്ജിത്ത് ശങ്കര്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. താനും പൃഥ്വിരാജ് സുകുമാരനും ഒരുപാട് സിനിമകള്‍ ആലോചിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് നടക്കാതെ പോകുകയായിരുന്നു എന്നും പറയുകയാണ് രഞ്ജിത്ത് ശങ്കര്‍.
തനിക്ക് കാത്തിരിക്കാന്‍ പറ്റില്ല എന്ന കാരണം കൊണ്ടാണ് ആ സിനിമകള്‍ നടക്കാതെ പോയതെന്നും ഒരു സിനിമയെടുക്കാന്‍ താന്‍ തയ്യാറാകുന്നത് തന്നെ വലിയ പ്രോസസാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളിലേക്ക് പോകുന്നതിന് ഇത് ഒരു തടസമാകില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത് ശങ്കര്‍.
‘ഞാനും പൃഥ്വിയും ഒരുപാട് സിനിമകള്‍ ആലോചിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് പോലും സിനിമയെ കുറിച്ച് ആലോചിച്ചു. പലപ്പോഴും ഞാന്‍ കാരണമാണ് ആ സിനിമ നടക്കാത്തത്. എന്റെ കുഴപ്പം എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് കാത്തിരിക്കാന്‍ പറ്റില്ല എന്നുള്ളതാണ്.
മറ്റ് സിനിമകള്‍ പെട്ടെന്ന് ഷൂട്ട് ചെയ്യാന്‍ പറ്റിയത് കൊണ്ടാണ് അവ നടന്നത്. ഒരു സിനിമയെടുക്കാന്‍ ഞാന്‍ തയ്യാറാകുന്നത് തന്നെ ഒരു വലിയ പ്രോസസാണ്. ഞാന്‍ പൂര്‍ണമായും തയ്യാറായ ശേഷമാണ് ഒരു താരത്തെ പോയി കാണുന്നത്. അല്ലെങ്കില്‍ എനിക്ക് അതിനുള്ള ധൈര്യം ഉണ്ടാകില്ല.
കാത്തിരിപ്പ് എന്നത് വലിയ പ്രയാസമാണ്. ആ സിനിമയിലുള്ള നമ്മുടെ കോണ്‍ഫിഡന്‍സ് പോകും. എന്നെ സംബന്ധിച്ച് ഒരു സ്റ്റാറിനെ കൊണ്ടുവന്ന് സിനിമ ചെയ്യുന്നതിനേക്കാള്‍ ഞാന്‍ കോണ്‍ഫിഡന്റായി ഇരിക്കുമ്പോള്‍ ആ സിനിമ ചെയ്യുന്നതാണ് ഇഷ്ടം. അതാണ് ആ സിനിമ നന്നാവാന്‍ കൂടുതല്‍ സാധ്യതയെന്ന് തോന്നുന്നു.
എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളിലേക്ക് പോകുന്നതിന് ഇത് ഒരു തടസമാകില്ല. ഞാന്‍ അഞ്ച് വര്‍ഷം കാത്തിരുന്നിട്ടാണ് ‘വര്‍ഷം’ സിനിമ ചെയ്യുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്. അതില്‍ കുഴപ്പമില്ല.
അതായത് അവരെ വെച്ച് ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ. എനിക്ക് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളു. അത് ഞാന്‍ ചെയ്തു. അതില്‍ ഒരുപാട് ഹാപ്പിയാണ്. പിന്നെ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്താലോ എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ തന്നെ വേണ്ടെന്ന് വെച്ചു,’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.
Content Highlight: Ranjith Sankar Talks About Super Stars Movies