| Saturday, 13th April 2024, 1:54 pm

ആ ജയസൂര്യ ചിത്രം ആദ്യം പൃഥ്വിരാജിനെ വെച്ച് അനൗണ്‍സ് ചെയ്തതായിരുന്നു: രഞ്ജിത്ത് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സു സു സുധി വാത്മീകം. ജയസൂര്യയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. ഈ സിനിമയിലെ അഭിനയത്തിന് ജയസൂര്യക്ക് ദേശീയ, കേരള സംസ്ഥാന പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ജയസൂര്യ നായകനായ പ്രേതം എന്ന സിനിമ സംവിധാനം ചെയ്തതും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്.

സു സു സുധി വാത്മീകം പൃഥ്വിരാജ് സുകുമാരനെ വെച്ച് അനൗണ്‍സ് ചെയ്ത സിനിമയായിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൃഥ്വിയോടൊപ്പം ഒരുപാട് കഥകള്‍ പ്ലാനില്‍ ഉണ്ടായിരുന്നു. ചിലതൊക്കെ അനൗണ്‍സ് ചെയ്തിരുന്നു. സു സു സുധി വാത്മീകം എന്ന സിനിമ പൃഥ്വിരാജിനെ വെച്ച് അനൗണ്‍സ് ചെയ്തതായിരുന്നു. അതിന് ശേഷം മറ്റൊരു പടവും അനൗണ്‍സ് ചെയ്തിരുന്നു.

പിന്നീട് കമല സിനിമക്ക് ശേഷം ഒരു വലിയ സിനിമയായിരുന്നു പ്ലാന്‍ ചെയ്തത്. അതില്‍ രണ്ട് വലിയ താരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും റൊട്ടീന്‍ ആയിട്ടുള്ള ഫിലിം മേക്കിങ് എനിക്ക് ബോറടിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ അത് വേണ്ടെന്ന് വെച്ചു,’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

പൃഥ്വിരാജിനൊപ്പമുള്ള സിനിമ ഇപ്പോള്‍ നടക്കാത്തതിന്റെ കാരണം താന്‍ തന്നെയാണെന്നും സംവിധായകന്‍ അഭിമുഖത്തില്‍ തുറന്നു പറയുന്നു. കൊവിഡ് സമയത്ത് പോലും തങ്ങള്‍ സിനിമയെ കുറിച്ച് ആലോചിച്ചിരുന്നു എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

‘ഞാനും പൃഥ്വിയും ഒരുപാട് സിനിമകള്‍ ആലോചിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് പോലും സിനിമയെ കുറിച്ച് ആലോചിച്ചു. പലപ്പോഴും ഞാന്‍ കാരണമാണ് ആ സിനിമകള്‍ നടക്കാതിരുന്നത്. എന്റെ കുഴപ്പം എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് കാത്തിരിക്കാന്‍ പറ്റില്ല എന്നുള്ളതാണ്.

മറ്റ് സിനിമകള്‍ പെട്ടെന്ന് ഷൂട്ട് ചെയ്യാന്‍ പറ്റിയത് കൊണ്ടാണ് ആ സിനിമകള്‍ നടന്നത്. ഒരു സിനിമയെടുക്കാന്‍ ഞാന്‍ തയ്യാറാകുന്നത് തന്നെ ഒരു വലിയ പ്രോസസാണ്. ഞാന്‍ പൂര്‍ണമായും തയ്യാറായ ശേഷമാണ് ഒരു താരത്തെ പോയി കാണുന്നത്. അല്ലെങ്കില്‍ എനിക്ക് അതിനുള്ള ധൈര്യം ഉണ്ടാകില്ല.

കാത്തിരിപ്പ് എന്നത് വലിയ പ്രയാസമാണ്. ആ സിനിമയിലുള്ള നമ്മുടെ കോണ്‍ഫിഡന്‍സ് പോകും. എന്നെ സംബന്ധിച്ച് ഒരു സ്റ്റാറിനെ കൊണ്ടുവന്ന് സിനിമ ചെയ്യുന്നതിനേക്കാള്‍ ഞാന്‍ കോണ്‍ഫിഡന്റായി ഇരിക്കുമ്പോള്‍ ആ സിനിമ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം. അതാണ് ആ സിനിമ നന്നാവാന്‍ കൂടുതല്‍ സാധ്യതയെന്ന് തോന്നുന്നു,’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.


Content Highlight: Ranjith Sankar Talks About Su Su Sudhi Vathmeekam And Prithviraj Sukumaran

We use cookies to give you the best possible experience. Learn more