ഞാനും പൃഥ്വിയും ഒരുപാട് സിനിമകള്‍ ആലോചിച്ചു; അവ നടക്കാതെ പോയതിന് ഒരു കാരണമുണ്ട്: പ്രേതത്തിന്റെ സംവിധായകന്‍
Entertainment
ഞാനും പൃഥ്വിയും ഒരുപാട് സിനിമകള്‍ ആലോചിച്ചു; അവ നടക്കാതെ പോയതിന് ഒരു കാരണമുണ്ട്: പ്രേതത്തിന്റെ സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th April 2024, 12:54 pm

2009ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായ വ്യക്തിയാണ് രഞ്ജിത്ത് ശങ്കര്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി രഞ്ജിത്ത് ശങ്കറിന്റെ രണ്ട് ചിത്രങ്ങളാണ് വന്നിട്ടുള്ളത്.

2011ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ സാക്ഷി 2012ല്‍ റിലീസായ മോളി ആന്റി റോക്ക്‌സ് എന്നിവയാണ് അദ്ദേഹം പൃഥ്വിയോടൊപ്പം പ്രവര്‍ത്തിച്ച ചിത്രങ്ങള്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്മെന്റിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനൊപ്പം ഇപ്പോള്‍ സിനിമ വരാത്തതെന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍.

‘ഞാനും പൃഥ്വിയും ഒരുപാട് സിനിമകള്‍ ആലോചിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് പോലും സിനിമയെ കുറിച്ച് ആലോചിച്ചു. പലപ്പോഴും ഞാന്‍ കാരണമാണ് ആ സിനിമകള്‍ നടക്കാതിരുന്നത്. എന്റെ കുഴപ്പം എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് കാത്തിരിക്കാന്‍ പറ്റില്ല എന്നുള്ളതാണ്.

മറ്റ് സിനിമകള്‍ പെട്ടെന്ന് ഷൂട്ട് ചെയ്യാന്‍ പറ്റിയത് കൊണ്ടാണ് ആ സിനിമകള്‍ നടന്നത്. ഒരു സിനിമയെടുക്കാന്‍ ഞാന്‍ തയ്യാറാകുന്നത് തന്നെ ഒരു വലിയ പ്രോസസാണ്. ഞാന്‍ പൂര്‍ണമായും തയ്യാറായ ശേഷമാണ് ഒരു താരത്തെ പോയി കാണുന്നത്. അല്ലെങ്കില്‍ എനിക്ക് അതിനുള്ള ധൈര്യം ഉണ്ടാകില്ല.

കാത്തിരിപ്പ് എന്നത് വലിയ പ്രയാസമാണ്. ആ സിനിമയിലുള്ള നമ്മുടെ കോണ്‍ഫിഡന്‍സ് പോകും. എന്നെ സംബന്ധിച്ച് ഒരു സ്റ്റാറിനെ കൊണ്ടുവന്ന് സിനിമ ചെയ്യുന്നതിനേക്കാള്‍ ഞാന്‍ കോണ്‍ഫിഡന്റായി ഇരിക്കുമ്പോള്‍ ആ സിനിമ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം. അതാണ് ആ സിനിമ നന്നാവാന്‍ കൂടുതല്‍ സാധ്യതയെന്ന് തോന്നുന്നു,’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ നായകനായ രാമന്റെ ഏദന്‍തോട്ടം സിനിമയുടെ സമയത്ത് നടന്ന രസകരമായ ഒരു അനുഭവവും അഭിമുഖത്തില്‍ രഞ്ജിത്ത് ശങ്കര്‍ പങ്കുവെച്ചു.

‘ഞാന്‍ രാമന്റെ ഏദന്‍തോട്ടം ചെയ്യുമ്പോള്‍ ചാക്കോച്ചന്‍ എന്നോട് ഇയാള്‍ വീട്ടില്‍ വന്നാല്‍ പോവില്ലല്ലോ എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ അയാളെ ആ സമയത്ത് മനസിലാക്കാനാണ് ശ്രമിച്ചത്. വളരെ കുറച്ച് ഫിലിം മേക്കേഴ്സിന് മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂ.

അതില്‍ സക്സസ് വളരെ പ്രധാനപെട്ട ഒരു ഘടകമാണ് കേട്ടോ. ഞാന്‍ സക്സസ്ഫുള്ളായി നില്‍ക്കുമ്പോള്‍ മാത്രമാണ് അതിന് ഒരു ആക്ടര്‍ സഹകരിക്കുകയുള്ളൂ. വൈകുന്നേരം ഒരുമിച്ച് ഇരിക്കുമ്പോള്‍ ഞാന്‍ അവരോട് അവരുടെ കാര്യങ്ങളൊക്കെ ചോദിച്ചറിയും.

അങ്ങനെ ഒരു ദിവസമാണ് ചാക്കോച്ചന്‍ താന്‍ മരം കയറുമെന്ന് പറയുന്നത്. രാമന്റെ ഏദന്‍തോട്ടത്തില്‍ ഒരു മരം കയറുന്ന സീന്‍ ഉണ്ട്. അന്ന് ആ മരം കണ്ട് പുള്ളി ഞെട്ടി. ഈ മരമല്ല ഞാന്‍ ഉദ്ദേശിച്ചത്, ചെറിയ മരത്തില്‍ മാത്രമേ കയറാന്‍ പറ്റുകയുള്ളൂ എന്ന് എന്നോട് പറഞ്ഞു. പിന്നെ ക്രെയിനൊക്കെ വെച്ചിട്ടാണ് ആ മരത്തില്‍ കയറുന്നത്. അത്രയും വലിയ മരമായിരുന്നു അത്,’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.


Content Highlight: Ranjith Sankar Talks About Prithviraj Sukumaran’s Movie