| Sunday, 14th April 2024, 7:58 am

മമ്മൂട്ടിയെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമെന്ന് പറയാന്‍ ഒരു കാരണമുണ്ട്; ഇങ്ങനെയൊരാള്‍ ഇന്ത്യന്‍ സിനിമയിലില്ല: സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2009ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായ വ്യക്തിയാണ് രഞ്ജിത്ത് ശങ്കര്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മമ്മൂട്ടിയെ നായകനാക്കി 2014ല്‍ ആയിരുന്നു രഞ്ജിത്ത് ശങ്കര്‍ വര്‍ഷം എന്ന സിനിമ ചെയ്തത്.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. അമ്പത് വര്‍ഷം ഒരു സ്റ്റാറായി നില്‍ക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണെന്നും അങ്ങനെയൊരാള്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത് ശങ്കര്‍.

‘കാത്തിരിപ്പ് എന്നത് വലിയ പ്രയാസമാണ്. ആ സിനിമയിലുള്ള നമ്മുടെ കോണ്‍ഫിഡന്‍സ് പോകും. എന്നെ സംബന്ധിച്ച് ഒരു സ്റ്റാറിനെ കൊണ്ടുവന്ന് സിനിമ ചെയ്യുന്നതിനേക്കാള്‍ ഞാന്‍ കോണ്‍ഫിഡന്റായി ഇരിക്കുമ്പോള്‍ ആ സിനിമ ചെയ്യുന്നതാണ് ഇഷ്ടം. അതാണ് ആ സിനിമ നന്നാവാന്‍ കൂടുതല്‍ സാധ്യതയെന്ന് തോന്നുന്നു.

എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളിലേക്ക് പോകുന്നതിന് ഇത് ഒരു തടസമാകില്ല. ഞാന്‍ അഞ്ച് വര്‍ഷം കാത്തിരുന്നിട്ടാണ് ‘വര്‍ഷം’ സിനിമ ചെയ്യുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്. അതില്‍ കുഴപ്പമില്ല.

അതായത് അവരെ വെച്ച് ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ. എനിക്ക് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളു. അത് ഞാന്‍ ചെയ്തു. അതില്‍ ഒരുപാട് ഹാപ്പിയാണ്. പിന്നെ അദ്ദേഹത്തോടൊപ്പം വീണ്ടും സിനിമ ചെയ്താലോ എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ തന്നെ വേണ്ടെന്ന് വെച്ചു.

എനിക്ക് അത് വളരെ ഭംഗിയുള്ള അനുഭവങ്ങളാണ്. അദ്ദേഹം ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണെന്ന് പറഞ്ഞ് ഞാന്‍ ഈയിടെ എഴുതിയിരുന്നു. വളരെ ആത്മാര്‍ഥമായിട്ടാണ് അത് എഴുതിയത്. ഞാന്‍ പതിനഞ്ച് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്നു.

എന്നാല്‍ അമ്പത് വര്‍ഷം ഇങ്ങനെ ഒരു സ്റ്റാറായി നില്‍ക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണ്. അങ്ങനെയൊരാള്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെ ഒരാള്‍ ഉണ്ടാകുമോ എന്ന് അറിയില്ല. വര്‍ഷം എന്ന് സിനിമയിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ചെറിയ ഭാഗം നമുക്ക് കിട്ടി,’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.


Content Highlight: Ranjith Sankar Says Mammootty Is Greatest Of All Time

We use cookies to give you the best possible experience. Learn more