| Tuesday, 16th April 2024, 9:03 pm

തിയേറ്റർ റിലീസ് ഇല്ലാതെ ഒ.ടി.ടി മാത്രമായുള്ള കാലഘട്ടം വരില്ല; അതിന് കാരണം അതാണ്: രഞ്ജിത്ത് ശങ്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്റർ റിലീസ് ഇല്ലാതെ ഒ.ടി.ടി മാത്രമായുള്ള കാലഘട്ടം ഉണ്ടാവില്ലെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. തിയേറ്റർ എന്നും നിലനിൽക്കുമെന്നും ആളുകൾക്ക് ചെലവ് കുറഞ്ഞ് ലഭിക്കുന്ന വിനോദമാണ് തിയേറ്ററിൽ സിനിമ കാണുന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. തിയേറ്റർ റിലീസ് ഉണ്ടാവാതെ ഒ.ടി.ടി മാത്രായിട്ടുള്ള ഒരു കാലഘട്ടം വരും എന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് രഞ്ജിത്ത് ശങ്കർ മറുപടി പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരിക്കലും അങ്ങനെ കാലഘട്ടം വരില്ല. ഒരുകാലത്തും വരില്ല. സിനിമ എന്നും നിലനിൽക്കും. തിയേറ്റർ എന്നും നിലനിൽക്കും. ബാക്കിയുള്ള പ്ലാറ്റ്ഫോമുകൾ ഉണ്ടാകും. ഒ.ടി.ടി വന്നു, ടിവി വന്നു. പണ്ട് റേഡിയോ എന്നത് ഇപ്പോൾ എഫ്.എം ആയില്ലേ. പുതിയ രീതിയിൽ തിരിച്ചുവരും. നമ്മൾ ഒരു സമയത്ത് തിയേറ്ററിൽ എത്തി 100 രൂപ ടിക്കറ്റിനു എടുത്തു സിനിമ കാണുന്നത്. അവിടെ വരെ എൻഗേജ് ആക്കുക എന്ന് നമ്മുടെ ചലഞ്ച് ആണ്.

മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമായിട്ടുള്ള കാര്യം വിനോദമാണ്. അതുകൊണ്ടാണ് ഞാൻ നിലനിൽക്കും എന്ന് പറയുന്നത്. എല്ലാകാലത്തും അത് വേണ്ടേ, അവർക്ക് ഏറ്റവും എളുപ്പത്തിൽ ചെലവ് കുറഞ്ഞ് കിട്ടുന്ന വിനോദമാണ് സിനിമ. എനിക്കെപ്പോഴും തോന്നിയിട്ടുള്ളത് ഒരു ഫാമിലി ആഴ്ചയിൽ ഒരു സിനിമയ്ക്ക് പോവുക എന്ന് പറയുന്നത് അവരുടെ ഫാമിലി ലൈഫിനെ കൂടുതൽ ഭംഗിയാക്കാൻ ഹെൽപ്പ് ചെയ്യും.

ജോലിക്ക് കഴിഞ്ഞ് വരുന്ന ആളുകൾ ആവുമ്പൊ തിരക്കുകൾ ഉണ്ടാകും. ഒരു സിനിമ ബുക്ക് ചെയ്തു. അതിന് പോകാൻ വേണ്ടി റെഡിയാവുന്ന പ്രോസസ് മുതൽ തുടങ്ങും, കാറിൽ കയറുമ്പോൾ സംസാരിക്കുമല്ലോ. തിയേറ്ററിൽ കേറുന്നു. അത് കഴിഞ്ഞ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നു. പരസ്പരം നല്ലതുപോലെ സംസാരിക്കും.

അരവിന്ദ് കെജരിവാൾ എല്ലാ ബുധനാഴ്ചയും ഒരു സിനിമ കാണുന്ന ആളാണ്. അതുപോലുള്ള എല്ലാ പ്രശസ്തരായിട്ടുള്ള ഏറ്റവും തിരക്കുള്ള ആൾക്കാർ ആഴ്ചയിൽ ഒരിക്കലെങ്കിലും സിനിമ കാണുന്നതാണ് എനിക്ക് പരിചയപ്പെട്ടപ്പോൾ തോന്നിയത്. വിനോദം നമുക്ക് ആവശ്യമാണ്, ബന്ധങ്ങൾ നമുക്ക് ആവശ്യമാണ്. ഇതിനെ രണ്ടിനെയും കൂട്ടിച്ചേർക്കാൻ പറ്റുന്ന ഒരേയൊരു കാര്യമാണ് ആഴ്ചയിലൊരിക്കൽ സിനിമക്ക് പോകുന്നത്,’ രഞ്ജിത്ത് ശങ്കർ പറഞ്ഞു.

Content Highlight: Ranjith sankar about theater films future

We use cookies to give you the best possible experience. Learn more