| Tuesday, 16th April 2024, 10:19 pm

ഒരു സിനിമ പോലും അസിസ്റ്റ് ചെയ്യാതെ, ഒരു ഷൂട്ടിങ് പോലും കാണാതെ ഞാൻ ആ സിനിമ വിജയമാക്കി: രഞ്ജിത്ത് ശങ്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ ഒരു സംവിധായകനാകണമെന്ന് ആലോചിച്ചിട്ടില്ലെന്ന് രഞ്ജിത്ത് ശങ്കർ. തനിക്കൊരു റൈറ്റർ ആകണമെന്നാണ് കരുതിയതെന്നും ഒരു സിനിമ പോലും അസിസ്റ്റ് ചെയ്യാതെയാണ് താൻ പാസഞ്ചർ പോലൊരു സിനിമ ചെയ്തതെന്നും രഞ്ജിത്ത് പറഞ്ഞു. അർജുനൻ സാക്ഷി എന്ന സിനിമക്ക് ശേഷം പൃഥ്വിരാജാണ് തന്നോട് സിനിമ ചെയ്യാൻ ആവശ്യപ്പെട്ടതെന്നും രഞ്ജിത്ത് പറഞ്ഞു.

തന്റെ സിനിമകളൊന്നും കൊമേർഷ്യൽ അല്ലെന്നും നിർമാതാക്കൾക്ക് വേണ്ടി സിനിമ ചെയ്യാൻ കഴിയില്ലെന്നും പൃഥ്വിരാജിനോട് പറഞ്ഞെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. പൃഥ്വിരാജാണ് തന്നോട് പ്രൊഡക്ഷൻ കമ്പനി തുടങ്ങാൻ പറഞ്ഞതെന്നും അതിന് ഡ്രീംസ് എൻ ബിയോണ്ട് എന്ന പേരിട്ടതെന്നും രഞ്ജിത്ത് മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.

‘ഒരു സംവിധായകനാകണമെന്ന് ഞാൻ വലിയൊരു കാലഘട്ടം വരെ ആലോചിച്ചിട്ടില്ല. എനിക്കൊരു റൈറ്റർ ആകണം എന്നായിരുന്നു ആഗ്രഹം. എന്നിട്ട് ഞാൻ പാസഞ്ചർ പോലുള്ള സിനിമ സംവിധാനം ചെയ്തു. ഒരു സിനിമ പോലും അസിസ്റ്റ് ചെയ്യാതെ, ഒരു ഷൂട്ടിങ് പോലും കാണാതെ എനിക്ക് സിനിമ ചെയ്യാനുള്ള അവസരം കിട്ടി. അത് വലിയ വിജയമായി. ഞാൻ അടുത്തൊരു സിനിമ ചെയ്തു, അതൊരു പരാജയമായിരുന്നു.

പരാജയമായി കഴിഞ്ഞാൽ സ്വാഭാവികമായിട്ട് വേറൊരു സിനിമ ചെയ്യാൻ കിട്ടില്ല. അർജുനൻ സാക്ഷിക്ക് ശേഷം പൃഥ്വിരാജ് ആണ് വീണ്ടും ഒരു സിനിമ ചെയ്യാൻ നിർബന്ധിച്ചു കൊണ്ടിരുന്ന ഒരാൾ. ഞാൻ പൃഥ്വിരാജിനോട് പറഞ്ഞു എനിക്ക് സിനിമ ചെയ്യാനുള്ള ഏറ്റവും വലിയ പ്രശ്നം ഒരു പ്രൊഡ്യൂസർ ആണ്. ഒരു പ്രൊഡ്യൂസർക്ക് വേണ്ടി സിനിമ ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. എന്റെ സിനിമകളൊന്നും കൊമേർഷ്യൽ അല്ല.

എനിക്ക് ഇഷ്ടമുള്ള ഒരു സിനിമ ഉണ്ടാക്കി. പൃഥ്വിരാജ് ഒക്കെ ഉണ്ടെന്നു പറഞ്ഞിട്ട് പൈസ ഇൻവെസ്റ്റ് ചെയ്തു. അയാൾക്ക് നഷ്ടം സംഭവിച്ചു കഴിഞ്ഞാൽ എനിക്ക് ഇനി  സഹിക്കാൻ പറ്റില്ല. പൃഥ്വിരാജ് എന്നോട് പറഞ്ഞു നമുക്ക് പ്രൊഡക്ഷൻ കമ്പനി തുടങ്ങാം. ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. പ്രൊഡക്ഷൻ കമ്പനി വേറെ ആരുടെയെങ്കിലും പേരിൽ തുടങ്ങാം എനിക്ക് പൈസ ഒന്നും വേണ്ട എന്ന് പറഞ്ഞു. ഡ്രീംസ് എൻ ബിയോണ്ട് എന്ന പേരിടുന്നത് പൃഥ്വിരാജ് ആണ്,’ രഞ്ജിത്ത് ശങ്കർ പറഞ്ഞു.

Content Highlight: Ranjith sankar about how he started  production company

We use cookies to give you the best possible experience. Learn more