മലയാള സിനിമയിൽ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് രഞ്ജിത്ത് ശങ്കർ . 2009-ൽ പുറത്തിറങ്ങിയ പാസഞ്ചർ എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ഇൻഡസ്ട്രിയിലേക്ക് കടന്നുവരുന്നത്. പിന്നീട് അർജുനൻ സാക്ഷി, പുണ്യാളൻ അഗർബത്തീസ്, വർഷം, സു സു സുധി വാത്മീകം, പ്രേതം, രാമൻ്റെ ഏതൻതോട്ടം, ഞാൻ മേരിക്കുട്ടി, പുണ്യാളൻ അഗർബത്തീസ് 2,പ്രേതം 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.
പ്രേതം 2 തനിക്ക് വാണിജ്യ ലാഭം വേണമെന്ന് കരുതി ചെയ്ത പടമായിരുന്നെന്ന് പറയുകയാണ് രഞ്ജിത്ത് ശങ്കർ. അതുകൊണ്ടാണ് അത് വർക്ക് ആവാതെ പോയതെന്നും ആ സിനിമയുടെ ഡ്രൈവ് ശരിയായിരുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു കോമഡി ചെയ്യാൻ വലിയ ആഗ്രഹം ഉണ്ടായിട്ട് ചെയ്ത പടമാണ് പുണ്യാളൻ അഗർബത്തീസ് എന്നും അത് സത്യസന്ധമായി ചെയ്തതാണെന്നും ശങ്കർ കൂട്ടിച്ചേർത്തു.
ഞാൻ മേരിക്കുട്ടി ചെയ്യുമ്പോൾ കുറച്ചുകൂടെ വിജയം ഉണ്ടാക്കുന്ന ഒരു സിനിമ ഉണ്ടാക്കണം എന്ന് കരുതിയാണ് പ്രേതം 2 ചെയ്തതെന്നും എന്നാൽ ആ തോന്നൽ ശരിയല്ലെന്നും രഞ്ജിത്ത് ശങ്കർ സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.
‘പ്രേതം 2 ആണ് ഞാൻ എനിക്കൊരു കൊമേർഷ്യൽ വിജയം വേണം എന്ന് കരുതി ചെയ്ത ഒരേ ഒരു പടം. അതാണ് അങ്ങനെ വർക്ക് ആവാതിരുന്നത്. അതിന്റെ ഡ്രൈവ് ശരിയായിരുന്നില്ല. ഞാൻ പുണ്യാളൻ ചെയ്യുമ്പോൾ എനിക്ക് അങ്ങനെ ഒരു കോമഡി ചെയ്യാൻ ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. അത് ശരിക്ക് സത്യസന്ധമായി ചെയ്തതാണ്.
ഞാൻ പ്രേതം ചെയ്യുമ്പോൾ എന്റെ ആഗ്രഹം എന്താണെന്ന് വെച്ചാൽ യുവാക്കൾക്ക് വേണ്ടി സിനിമ ചെയ്യാൻ എനിക്ക് പറ്റിയിട്ടില്ല. കോളേജിൽ പോകുന്ന പിള്ളേരല്ലേ അവർക്ക് ആസ്വദിക്കാൻ പറ്റുന്ന, തുടർച്ചയായി കാണാൻ പറ്റിയ സിനിമ എനിക്ക് ഉണ്ടാക്കാൻ പറ്റുമോ എന്നായിരുന്നു എന്റെ ചലഞ്ച്.
പുണ്യാളൻ ടു ചെയ്യുമ്പോൾ സിനിമയിൽ മുഴുവൻ എന്റെ ഫ്രസ്ട്രേഷൻ ആയിരുന്നു. ഞാൻ മേരിക്കുട്ടി ചെയ്യുമ്പോൾ എനിക്ക് തോന്നി കുറച്ചുകൂടെ വിജയം ഉണ്ടാക്കുന്ന ഒരു സിനിമ ഉണ്ടാക്കണം അങ്ങനെ ചെയ്തതാണ് പ്രേതം 2. ആ തോന്നല് ശരിയല്ല,’രഞ്ജിത്ത് ശങ്കർ പറഞ്ഞു.
Content Highlight: Ranjith sankar about his prediction flopped movie