പൃഥ്വിരാജിന്റെ ആ പടം തിയേറ്ററിൽ പരാജയമായതോടെ ഞാൻ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു: രഞ്ജിത്ത് ശങ്കർ
Film News
പൃഥ്വിരാജിന്റെ ആ പടം തിയേറ്ററിൽ പരാജയമായതോടെ ഞാൻ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു: രഞ്ജിത്ത് ശങ്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd May 2024, 1:12 pm

പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായ വ്യക്തിയാണ് രഞ്ജിത്ത് ശങ്കര്‍. 2009ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പൃഥ്വിരാജിനെ നായകനാക്കി പുറത്തിറങ്ങിയ അർജുനൻ സാക്ഷി തിയേറ്ററിൽ പരാജയമായതോടെ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചെന്നും മനസ് മടുത്തു പോയെന്നും രഞ്ജിത്ത് ശങ്കർ പറഞ്ഞു.

സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചപ്പോൾ തന്റെ ഡിപ്രഷൻ കളയാൻ പറ്റിയില്ലെന്നും രഞ്ജിത്ത് പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ കിട്ടിയ ആദ്യ പരാജയമായിരുന്നു അതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. പഠിത്തം, ജോലി, കല്യാണം തുടങ്ങി എല്ലാം താൻ ആഗ്രഹിച്ച പോലെ നടന്നെന്നും സിനിമയിലുള്ള ആൾ അല്ലാഞ്ഞിട്ട് പോലും തന്റെ ആദ്യ പടം വിജയിച്ചേർന്നും ശങ്കർ ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിനോട് പറഞ്ഞു.

‘അർജുനൻ സാക്ഷി ചെയ്തു കഴിഞ്ഞപ്പോൾ അത് തിയേറ്ററിൽ പരാജയമായിരുന്നു. എനിക്ക് മനസ് മടുത്തു. ഞാനിനി സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചപ്പോൾ എനിക്ക് ഡിപ്രഷൻ കളയാൻ പറ്റുന്നില്ല. അത് പോകുന്നില്ല. അതിന് കാരണം എനിക്ക് പിന്നീടാണ് മനസിലായത്.

എന്റെ ലൈഫിലെ ആദ്യ പരാജയമാണത്. കാരണം എനിക്ക് ലൈഫിൽ എല്ലാം കുറെ പെട്ടെന്ന് കിട്ടുന്ന ആളാണ്. പഠിക്കാൻ അത്യാവശ്യം എളുപ്പമായിരുന്നു. സിവിൽ എഞ്ചിനീയർ പഠിക്കണം തോന്നി, അത് തന്നെ കിട്ടി. ചുമ്മാ ഇൻറർവ്യൂവിന് പോയപ്പോൾ ജോലി കിട്ടി. കല്യാണം കഴിക്കണം എന്ന് തീരുമാനിച്ചു. രജിസ്റ്റർ ചെയ്തു പിറ്റേന്ന് തന്നെ ഓക്കെ ആയി.

ചെയ്യണം എന്ന് ആഗ്രഹിച്ചു. കുറച്ച് സ്ട്രഗിൾ ചെയ്തെങ്കിൽ പോലും പുറത്തുനിന്ന് വന്നിട്ട് ഒരു സിനിമ ചെയ്തപ്പോൾ അത് സക്സസ് ആയി. അങ്ങനെയുള്ള ഒരാൾക്ക് ആദ്യമായി കിട്ടുന്ന അടിയാണ്. ഓവർ കോൺഫിഡൻസിന് ഈഗോക്ക് കിട്ടുന്ന അടിയാണത്. അതെനിക്ക് അതിജീവിക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു. എനിക്ക് അതിജീവിക്കാൻ പറ്റിയിരുന്നില്ല,’ രഞ്ജിത്ത് ശങ്കർ പറഞ്ഞു.

Content Highlight: Ranjith sankar about arjunan sakshi movie’s failure