| Friday, 15th December 2023, 9:12 am

ചെയര്‍മാന്റെ കസേരയിലിരുന്നല്ല, എന്റെ വീട്ടിലിരുന്നാണ് പറഞ്ഞത്; വിവാദപരാമര്‍ശങ്ങളില്‍ രഞ്ജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംവിധായകന്‍ ഡോ. ബിജുവിനെതിരെ പറഞ്ഞതടക്കമുള്ള പരാമര്‍ശങ്ങളില്‍ വീണ്ടും പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. അക്കാദമി ചെയര്‍മാന്റെ കസേരയിലോ ഓഫീസിലോ ഇരുന്നുകൊണ്ടല്ല താന്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും തന്റെ വീട്ടിലിരുന്നാണെന്നും രഞ്ജിത്ത് പറഞ്ഞു. മോഹന്‍ലാലിന്റെ തൃശൂര്‍ സ്ലാങ്ങിനെ പറ്റിയുള്ള തന്റെ പരാമര്‍ശത്തില്‍ അദ്ദേഹം തന്നെ മനോഹരമായി മറുപടി പറഞ്ഞുവെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ രഞ്ജിത്ത് പറഞ്ഞു.

‘അക്കാദമി ചെയര്‍മാന്റെ കസേരയില്‍ ഇരുന്നുകൊണ്ടോ ആ ഓഫീസില്‍ ഇരുന്നുകൊണ്ടോ അല്ല, എന്റെ വീട്ടില്‍ എന്നെ കാണാന്‍ വന്ന പത്രക്കാരോടാണ് ഞാന്‍ സംസാരിച്ചത്. അതൊരു കാഷ്വല്‍ ടോക്കായിരുന്നു. വളരെ വ്യക്തിപരമായാണ് അതിനെ കണ്ടത്. എന്റെ പഴയ കാല സിനിമകളെ പറ്റിയല്ല, ഐ.എഫ്.എഫ്.കെയെ പറ്റിയാണ് നിങ്ങള്‍ ചോദിക്കേണ്ടതെന്നൊക്കെ ഞാന്‍ അവരോട് പറഞ്ഞിരുന്നു.

അതില്‍ തൂവാനാത്തുമ്പികളിലെ മോഹന്‍ലാലിന്റെ സ്ലാങ്ങിനെ പറ്റി ഞാന്‍ പറഞ്ഞത് ഒരാള്‍ എന്നോട് ചോദിച്ചു. മമ്മൂക്കയടെ സ്ലാങ്ങിനെ പറ്റി സംസാരിച്ചപ്പോള്‍ പറഞ്ഞതാണ്. ഇത് എനിക്ക് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ ലാലിനോട് ഇത് പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്ത് മനോഹരമായിട്ടാണ് അതിന് മറുപടി കൊടുത്തത്. അന്ന് ഞാന്‍ ചെയ്തത് തിരുത്താനാരും ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതല്ലേ അതിന്റെ സ്പിരിറ്റ് എന്ന് പറയുന്നത്.

മമ്മൂക്ക സ്ലാങ്ങിനായി കൂടുതലായി അധ്വാനിക്കുന്ന ഒരാളാണ്. മോഹന്‍ലാല്‍ ഏത് കഥാപാത്രത്തേയും അവതരിപ്പിച്ച് കണ്‍വിന്‍സ് ചെയ്യുന്ന ആളാണ്. ഇന്നസെന്റും മാമുക്കോയയും അവരുടെ സ്ലാങ് കൊണ്ട് എത്രയോ കഥാപാത്രങ്ങളെയാണ് കണ്‍വിന്‍സ് ചെയ്ത് തന്നത്,’ രഞ്ജിത്ത് പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് രഞ്ജിത്ത് നല്‍കിയ ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തിയേറ്ററില്‍ ആള്‍ കയറാത്ത സിനിമ എടുക്കുന്ന ബിജുവിന്റെ റെലവന്‍സ് എന്താണെന്നായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.

രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേരുകയും ചെയ്തിരുന്നു.

Content Highlight: Ranjith’s response in his own controversial remarks

Latest Stories

We use cookies to give you the best possible experience. Learn more