| Sunday, 25th August 2024, 9:49 am

ഒടുവില്‍ രാജി; കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് രഞ്ജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി അഭിനേത്രി രഞ്ജിത്തിനെതിരെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാജി. പ്രതിപക്ഷവും സിനിമാ മേഖലയില്‍ നിന്നുള്ളവരും ചെലുത്തിയ സമ്മര്‍ദത്തിനൊടുവിലാണ് രഞ്ജിത്ത് രാജിവെച്ചത്.

നേരത്തെ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് വയനാട്ടില്‍ നിന്ന് രഞ്ജിത്ത് കോഴിക്കോടേക്ക് യാത്ര തിരിച്ചത്. ഔദ്യോഗിക വാഹനത്തിലെ നെയിം ബോര്‍ഡ് അധികൃതര്‍ നീക്കം ചെയ്യുകയുമുണ്ടായി. വയനാട്ടില്‍ പ്രതിഷേധം നേരിട്ടതിന് പിന്നാലെയാണ് രഞ്ജിത്ത് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവരാണ് രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിനിമാ രംഗത്ത് നിന്ന് അഭിനേത്രികളായ ഉര്‍വശി, അന്‍സിബ, ഉഷ, ശ്വേത എന്നിവര്‍ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ രാജി കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്നായിരുന്നു സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. ബംഗാളി അഭിനേത്രിയുടെ വെളിപ്പെടുത്തലിലെ നിയമവശങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി അവരില്‍ നിന്ന് പരാതി വാങ്ങാനുള്ള സാധ്യതകള്‍ പരിശോധിച്ച് അതില്‍ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. അതിജീവിതകള്‍ക്ക് നീതി ലഭിക്കും എന്ന് തന്നെയാണ് കമ്മീഷന് പറയാനുള്ളതെന്നും പി. സതീദേവി വ്യക്തമാക്കിയിരുന്നു.

അതേസമയം, രാവിലെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നടന്‍ സിദ്ധിഖ് ഇന്ന് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. രണ്ട് വരിയിലുള്ള രാജിക്കത്ത് സിദ്ധിഖ് അമ്മ സംഘടന പ്രസിഡന്റ് മോഹന്‍ലാലിന് കൈമാറി.

നടി ഉന്നയിച്ച്‌ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെയാണ് സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ രാജിവെക്കുന്നതാണ് ഉചിതമെന്നും അല്ലാത്തപക്ഷം ഇത് സംഘടനക്ക് അവമതിപ്പുണ്ടാക്കുമെന്നും കാണിച്ചായിരുന്നു രാജി. ഇതിന് പിന്നാലെ രഞ്ജിത്ത് സ്ഥാനമൊഴിയണമെന്ന ആവശ്യവും ശക്തമായിരുന്നു.

Content highlight: Ranjith resigned Kerala Chalachitra Academy chairman post

We use cookies to give you the best possible experience. Learn more