| Saturday, 1st January 2022, 3:28 pm

പ്രതികളെ ഞങ്ങള്‍ പിടിച്ചുതരാം, പക്ഷേ ശരീരത്തില്‍ കേടുപാടുകളുണ്ടാവും; രഞ്ജിത് കൊലക്കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് എം.ടി. രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിപ്പാട്: ആലപ്പുഴ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് എം.ടി. രമേശ്. ആലപ്പുഴയില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ എസ്.പി ഓഫീസ് മാര്‍ച്ചിലാണ് രമേശ് പൊലീസിനെ വിമര്‍ശിച്ചത്.

പ്രതികളെ പിടികൂടാന്‍ പൊലീസിനായില്ലെങ്കില്‍ ബി.ജെ.പി പിടിച്ചു തരാമെന്ന് എം.ടി. രമേശ് പറഞ്ഞു.

‘ശരീരത്തില്‍ കേടുപാടുകളുണ്ടാവും. പൊലീസിനോട് മര്യാദ കാണിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല,” രമേശ് പറഞ്ഞു.

പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്നും എം.ടി. രമേശ് ആരോപിച്ചു.

അതേസമയം, സംഭവത്തിലെ മുഖ്യപ്രതികള്‍ പിടിയിലായിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ പ്രതികളെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

നേരത്തെ കൊലപാതകത്തില്‍ നേരിട്ട് പങ്കുളള എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ അനൂപ്, അഷ്റഫ്, റസീബ് എന്നീ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഗൂഢാലോചനയില്‍ നേരിട്ട് പങ്കുളള വെളളകിണര്‍ സ്വദേശിയും എസ്.ഡി.പി.ഐ ആലപ്പുഴ ഏരിയാ സെക്രട്ടറി സിനുവിനേയും അറസ്റ്റ് ചെയ്തിരുന്നു.

ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ ഇരുവിഭാഗത്തിലും പെട്ട പ്രതികളുടെ പട്ടിക ജില്ല അടിസ്ഥാനത്തില്‍ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചേയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Ranjith murder; If the police are not able to nab the culprits, the BJP will nab them; M T Ramesh

Latest Stories

We use cookies to give you the best possible experience. Learn more