| Monday, 18th July 2022, 1:55 pm

ഒരു അബദ്ധം പറ്റി, ആ കഥാപാത്രങ്ങളോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ് കൂടി വെക്കേണ്ടതായിരുന്നു; പൊളിറ്റിക്കല്‍ കറക്റ്റനെസിനെ പരിഹസിച്ച് രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്ന സമയത്ത് ഏറ്റവുമധികം വിമര്‍ശനം കേട്ട തിരക്കഥാകൃത്തുക്കളായിരുന്നു രഞ്ജിത്തും രണ്‍ജി പണിക്കരും. തങ്ങളുടെ സിനിമകളില്‍ സ്ത്രീവിരുദ്ധ, ജാതി അധിക്ഷേപ ഡയലോഗുകളും കഥാപാത്രങ്ങളും അവതരിപ്പിച്ചതിന്റേയും ഗ്ലോറിഫൈ ചെയ്തതിന്റെയും പേരിലാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശനമുയര്‍ന്നത്.

അന്നത്തെ തന്റെ കഥാപാത്രങ്ങള്‍ പ്രായത്തിന്റെ എഴുത്തുകളാണെന്ന് പറയുകയാണ് രഞ്ജിത്ത്. തന്റെ കഥാപാത്രങ്ങളുടെയൊപ്പം ജാതിസര്‍ട്ടിഫിക്കറ്റ് കൂടി വെക്കേണ്ടതായിരുന്നു എന്നും പരിഹാസസ്വരത്തില്‍ രഞ്ജിത്ത് പറയുന്നു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പഴയ ചിത്രങ്ങളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെ പറ്റി മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


‘പഴയ സിനിമകളില്‍ എഴുതിയത് പോലെയുള്ള ഡയലോഗുകള്‍ ഇന്നെഴുതാന്‍ പാടാണ്. ഞാന്‍ അതിന് ശ്രമിക്കുകയുമില്ല. ഒരു പ്രായം കഴിയുമ്പോള്‍ നമ്മുടെ അടുത്ത് നിന്നും വിട്ടു പോകുന്ന പല കാര്യങ്ങളും ഇല്ലേ. അന്നത്തെ എഴുത്തുകള്‍ ആ പ്രായത്തിന്റെ സൃഷ്ടികളാണ്.

അന്ന് ഒരു അബദ്ധം ചെയ്തു. ഓരോ കഥാപാത്രത്തിന്റേയും ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ചേര്‍ത്തു വെക്കാമായിരുന്നു. അപ്പോള്‍ കണ്‍ഫ്യൂഷന്‍ വരില്ലല്ലോ. പ്രേക്ഷകര്‍ക്ക് കാണാനും എളുപ്പമാകും ,’ രഞ്ജിത്ത് പറഞ്ഞു.

ദേവാസുരത്തിലെ നായകന്റെ പിതാവും രാജരക്തം തന്നെയാണെന്ന ഡയലോഗിനെ പറ്റിയുള്ള ചോദ്യത്തിന് രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ. ‘ഇതൊന്നും രഞ്ജിത്ത് എന്ന വ്യക്തിയുടെ ചുമലിലേക്ക് വെക്കരുത്. അത്തരമൊരു സിറ്റുവേഷനില്‍ ആ കഥാപാത്രത്തിന് അങ്ങനെ പറയേണ്ടി വന്നു എന്ന് കരുതിയാല്‍ മതി’.

അതേസമയം വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംവിധായിക കുഞ്ഞില മാസിലാമണിയുടെ ചിത്രമായ അസംഘടിതര്‍ ഉള്‍പ്പെടുത്താതതില്‍ വിവാദം ഉയര്‍ന്നിരുന്നു. ചലച്ചിത്രമേളയുടെ വേദിയില്‍ കയറിയിരുന്ന കുഞ്ഞിലയുടെ പ്രതിഷേധം കുട്ടികളുടെ വികൃതിയാണെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്തിന്റെ പ്രതികരണം. ഇത്തരം ചെറുകിട നാടകങ്ങള്‍ കൊണ്ട് ചലച്ചിത്രമേളയെ തടസപ്പെടുത്താന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ranjith mocks political correctness and says that he should have put caste certificate along with his characters

We use cookies to give you the best possible experience. Learn more