രഞ്ജിത്ത് മഹേശ്വരിയുടെ ഒളിമ്പിക്‌സ് പ്രകടനത്തിനെതിരെ വിമര്‍ശനമുമായി സെലക്ഷന്‍ കമ്മിറ്റി
DSport
രഞ്ജിത്ത് മഹേശ്വരിയുടെ ഒളിമ്പിക്‌സ് പ്രകടനത്തിനെതിരെ വിമര്‍ശനമുമായി സെലക്ഷന്‍ കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th August 2012, 12:22 am

ലണ്ടന്‍ : ഫൗളുകളുടെ പെരുമഴയായിരുന്നു  ഒളിമ്പിക്‌സില്‍ ഇന്നലെ മലയാളി താരം രഞ്ജിത്ത്‌ മഹേശ്വരി ജമ്പിങ്ങില്‍ പുറത്തെടുത്തത്. ദേഗുവില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന്‌ ജമ്പും ഫൗളായി പുറത്തായ രഞ്ജിത്ത്‌ ഇന്നലെ ഒളിമ്പിക്‌സ് ട്രിപ്പിള്‍ജമ്പ് യോഗ്യതാ റൗണ്ടിലും അതേ പ്രകടനം ആവര്‍ത്തിച്ചു.

ഇന്നലെ യോഗ്യതാ റൗണ്ടില്‍ പങ്കെടുത്തവരില്‍ രഞ്ജിത്ത്‌ മാത്രമാണ് മൂന്നുശ്രമങ്ങളും  ഫൗളാക്കിയത്. ഫൈനലിലെത്താന്‍ രഞ്ജിത്തിന്‌ പിന്നിടേണ്ടിയിരുന്നത് 17.10 മീറ്റര്‍ ആയിരുന്നു. ആദ്യ രണ്ടു ശ്രമങ്ങളിലും ടേക്ക്ഓഫ് ബോര്‍ഡ് പിന്നിട്ട് കുതിപ്പു തുടങ്ങിയ രഞ്ജിത്ത്‌ സമ്മര്‍ദത്തിലായി. മൂന്നാം ശ്രമത്തില്‍ കാലുകള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ടേക്ക് ഓഫിനു കഴിഞ്ഞില്ല. ട്രാക്കിലൂടെ വെറുതെ ഓടിത്തീര്‍ത്തു.  []

എന്നാല്‍ ഭാഗ്യദോഷമാണ് തന്നെ ചതിച്ചതെന്നാണ് രഞ്ജിത്ത്‌ മഹേശ്വരി പറയുന്നത്.”” മികച്ച പ്രകടനത്തിനായി ഞാന്‍ എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. മികച്ച ഫോമിലുമായിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്നറിയില്ല. ആദ്യ ശ്രമത്തില്‍ ബോര്‍ഡില്‍ നിന്ന് പത്തു സെന്റിമീറ്ററെങ്കിലും മുന്നിലായിപ്പോയി. രണ്ടാം ശ്രമത്തില്‍ നേരിയ ഫൗളേ സംഭവിച്ചുള്ളു. ഭാഗ്യദോഷമെന്നേ കരുതുന്നുള്ളു””- രഞ്ജിത്ത്‌ പറഞ്ഞു.

കഴിഞ്ഞ ബെയ്ജിങ് ഒളിമ്പിക്‌സില്‍ 15.57 മീറ്ററിന്റെ ദയനീയ പ്രകടനം നടത്തിയ രഞ്ജിത്ത്‌ അന്ന് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഒളിമ്പിക്‌സിനുള്ള ബി സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാ മാര്‍ക്കായ 16.85 മീറ്റര്‍ കൃത്യം പിന്നിട്ടാണ് ലണ്ടനിലെത്തിയത്.  അതിനുശേഷം ഇറ്റലിയില്‍ കോച്ച് യെവ്ഗിനി ഷിവ്‌ലിയുടെ കീഴില്‍ പരിശീലനത്തിലായിരുന്നു.

എന്നാല്‍ ഒളിമ്പിക് യോഗ്യത നേടിയ രഞ്ജിത്ത് മത്സരത്തിനായി യാതൊരു വിധത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിയില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. മേയ് മാസത്തിന് ശേഷം ഒരു മത്സരത്തില്‍പോലും പങ്കെടുക്കാതെയാണ് രഞ്ജിത്ത് ലണ്ടനിലേക്ക് പറന്നത്.

ഒളിമ്പിക്‌സിന് കാര്യമായ ഒരുക്കം നടത്താതിരുന്ന മലയാളി താരത്തോട് ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒളിമ്പിക്‌സിന് പോവാനുള്ള പൂര്‍ണ ഫിറ്റ്‌നസ് രഞ്ജിത്തിന് ഉണ്ടായിരുന്നില്ലെന്ന് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ പി.ടി.ഐയോട് പറഞ്ഞു.

അതുപോലെ തന്നെ കാര്യമായ പ്രകടനം നടത്തുന്നതിലുപരി വിവിധ സ്ഥലങ്ങളില്‍ ഒരു ടൂറിസ്റ്റിനെപ്പോലെ പോകാനായിരുന്നു രഞ്ജിത്തിന് താത്പര്യമെന്ന് പേരു വെളിപ്പെടുത്താത്ത വെറ്ററന്‍ കോച്ചും പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്‌.