| Wednesday, 3rd June 2020, 6:06 pm

ഈ കൊലപാതകം ഒരു മാനസികാരോഗ്യപ്രശ്‌നമായി മനസിലാക്കുന്നവരോടാണ്...

രഞ്ജിത് കല്യാണി

സുഹൃത് വലയത്തിലെ പലര്‍ക്കും അതിലളിതവും അപ്രധാനവും വിരസവും ആയി തോന്നാവുന്ന കുറിപ്പ് ആണിത്.  intellectually stimulating ആയ, nuanced ആയ ഒന്നും ഇല്ല. അതിനാല്‍ തുടര്‍ന്ന് വായിക്കണം എന്നില്ല.

ഈ കൊലപാതകം ഒരു മാനസിക ആരോഗ്യ പ്രശ്നമായും ഒരു പെഡഗോജി പ്രശ്‌നമായും ഒരു സാങ്കേതികവിദ്യാ പ്രശ്നമായും മാത്രം മനസ്സിലാക്കുന്നവരോടാണ് സംസാരിക്കുന്നത്.

പഠനം എന്നത് ‘കഴിവ്’ എന്ന ഒരൊറ്റ സങ്കല്പ്പനവുമായി മാത്രം ബന്ധപ്പെടുത്തി മനസ്സിലാക്കാന്‍ കലാകാലങ്ങളായി നമ്മള്‍ ശീലിക്കപ്പെട്ടിട്ടുണ്ട്. നമ്മള്‍ ജനറല്‍ എന്ന് വിളിക്കുന്ന സവര്‍ണ വിഭാഗങ്ങളുടെ സാമൂഹ്യ പരിസരമാണ് നമ്മുടെ മാനദണ്ഡം. ശരിക്കും ഈ വിഭാഗങ്ങളെ ജനറല്‍ എന്നല്ല വിളിക്കേണ്ടത്. അത് തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് പോലത്തെ ജനറല്‍ അല്ല.

സാമൂഹികമായ പ്രത്യേകാനുകൂല്യങ്ങള്‍ കാലങ്ങളായി ആസ്വദിച്ചുകൊണ്ടിരിക്കുന്നവരെ ആണ് നമ്മള്‍ ഈ ജനറല്‍ ആയി രേഖപ്പെടുത്തുന്നത്. മറ്റെല്ലാ മേഖലയിലും എന്നപോലെ വിദ്യാഭ്യാസ പരിഷ്‌കരണത്തിലും നമ്മുടെ അളവുകോല്‍ ഈ ജനറല്‍ വിഭാഗങ്ങളുടെ ജീവിത പരിസരവുമായി ബന്ധപ്പെടുത്തിയാണ് രൂപീകരിച്ചത്. ഈ ജനറല്‍ വിഭാഗങ്ങള്‍ക്ക് ആയിരുന്നു ഈ സാങ്കേതിക വിദ്യാ പ്രതിസന്ധി ഉണ്ടായിരുന്നത് എങ്കില്‍ അത് പരിഹരിക്കാതെ അദ്ധ്യയനം തുടങ്ങില്ലായിരുന്നു.

പഠനം എന്നത് പല സാമൂഹ്യ വിഭാഗങ്ങള്‍ക്കും പാല്‍പ്പായസമല്ല. പലര്‍ക്കും അത് ഉണക്കമീന്‍ ചുട്ടതും മുളക് ഉടച്ചതും ഒക്കെയാണ്. ദേവിക നന്നായി പഠിക്കുന്ന ആളായിരുന്നു എന്നത് ഒരു സാധാരണ കാര്യമല്ല. ഒരു ദളിത് നന്നായി പഠിക്കുന്ന ആളാണ് എന്നത് ഒരു സാധാരണ കാര്യമല്ല. തീര്‍ച്ചയായും ഇത് കഴിവുമായി ബന്ധപ്പെട്ടതല്ല.

സവര്‍ണര്‍ സവര്‍ണര്‍ക്കുവേണ്ടി സവര്‍ണരാല്‍ രൂപകല്‍പ്പന ചെയ്ത ഒന്നാകുന്നു നമ്മുടെ വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും അതെ, അതിന്റെ infrastructure ഉം അതെ. അതായത് നിങ്ങളുടെ ജീവിത പരിസരവുമായോ നിത്യജീവിത വ്യവഹാരങ്ങളുമായോ യാതൊരു ബന്ധവും ഇല്ലാത്ത, നിങ്ങള്‍ക്ക് തികച്ചും വൈദേശികമായ ഒന്നുമായി നിങ്ങള്‍ മത്സരിക്കുകയാണ്.

കേരളത്തിലെ ഒരു നായര്‍ ആര്‍ട്ടിക്കില്‍ പോയി എസ്‌കിമോകളോട് ഹിമക്കരടി വേട്ടയില്‍ മത്സരിച്ച് വിജയിക്കുന്നതുപോലെ ആണ് അത്. ദേവിക ഒരു പെണ്‍കുട്ടി കൂടി ആയിരുന്നു എന്നതും വിസ്മരിക്കരുത്.

വേറെ ഒരു കാര്യം aspiration നു മായി ബന്ധപ്പെട്ടതാണ്. ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാകും, ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങള്‍ക്ക് പഠനം ഒരു മൂലധനമാകും എന്നതുപോലെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങള്‍ക്ക് പഠനം ആഗ്രഹിക്കാന്‍ ആകും എന്നത്.

സാമ്പത്തികവും സാമൂഹികവും ആയ അരക്ഷിതാവസ്ഥതയുള്ള ഒരു ദളിത് കുടുംബത്തിലെ ഒരാളെ സംബന്ധിച്ച് ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം വിദ്യാഭ്യാസം നേടുക എന്നത് മാത്രമല്ല, അത് സ്വപ്നം കാണുക എന്നത് തന്നെ വലിയ പ്രയാസമാണ്. എങ്ങനെയെങ്കിലും പത്താം ക്ലാസ്സ് വരെ പോയി എന്തെങ്കിലും ഒരു പണി പഠിക്കുക, ഒരു തൊഴില്‍ ചെയ്തു കുടുംബം നോക്കുക എന്നതിനപ്പുറം ഒരു സ്വപ്നം കാണുക എന്നത് അയാളെ സംബന്ധിച്ച് അപകടകരമായ ഒരു കാര്യമാണ്.

അയാള്‍ക്ക് നോക്കി പകര്‍ത്താന്‍ മാതൃകകള്‍ ഇല്ല. അംബേദ്കറിനെയോ അയ്യന്‍കാളിയെയോ നമ്മുടെ വിദ്യാഭ്യാസം അവര്‍ക്കു പരിചയപ്പെടുത്തിയിട്ടില്ല. പഠിച്ചാല്‍ ജോലി കിട്ടുമോ എന്ന് ഒരു ഉറപ്പുമില്ല. അഭ്യസ്തവിദ്യരായ പല ബന്ധുക്കളും പണിയില്ലാതെ അലയുന്നത് അവര്‍ കാണുന്നു.

അവരുടെ വീട്ടിലെ നിത്യ സംഭാഷണം പൈതഗോറസ് തിയറിയെ പറ്റി ആയിരിക്കണം എന്നില്ല. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിയെടുക്കുന്ന ബന്ധുക്കള്‍ ഇല്ല. ഇന്‍ഫോര്‍മേഷന്‍ ഇല്ല.

സാമൂഹ്യ മൂലധനം എന്നത് പ്രിവിലേജ് എന്ന അര്‍ത്ഥത്തില്‍ മാത്രമേ പലപ്പോഴും മനസ്സിലാക്കാറുള്ളു. അത് കേവലം പ്രിവിലേജ് മാത്രമല്ല. പല തലമുറകളിലൂടെ ആക്കുമുലേറ്റഡ് ആകുന്ന ഒന്നാണത്. അത് വെറുതെ ശേഖരിച്ച് വെക്കപ്പെടുക മാത്രമല്ല, സാമൂഹികമായ വലിയ ചലനാത്മകത ഉള്ള ഇടപെടല്‍ ശേഷി ഉള്ള ഒന്നാണത്. അതിനു മുകളില്‍ കയറിനിന്നാണ് ഈ ‘ജനറല്‍’ കാര്‍ മെറിറ്റ് മെറിറ്റ് എന്ന് നിരന്തരം ഓരിയിടുന്നത്.

പക്ഷെ അമേരിക്കയില്‍ പോയാല്‍ അവര്‍ ഇന്‍ക്ലൂഷന്‍, ഡൈവേഴ്‌സിറ്റി പോളിസി, സോഷ്യല്‍ ജസ്റ്റിസ് എന്നൊക്കെ പറയും. ഇവിടെ ഇങ്ങനെ മെറിറ്റ് എന്ന് ചിലച്ചുകൊണ്ടിരിക്കും.

വിദ്യാഭ്യാസം എന്നത് മറ്റു ഒഴിച്ച് നിര്‍ത്തലുകള്‍ പോലെയല്ല. മറ്റെല്ലായിടത്തും sc / st ക്ഷമിക്കുക എന്ന് പറയുന്നതുപോലെ അല്ല വിദ്യാഭ്യാസത്തില്‍. അതില്‍ അവര്‍ ക്ഷമിക്കില്ല, ക്ഷമിക്കരുത്. അവരുടെ social mobility ക്ക് ലഭ്യമായ ഏകമാര്‍ഗം ആണത്.

രഞ്ജിത് കല്യാണി

We use cookies to give you the best possible experience. Learn more