രഞ്ജിത്ത് ഇതിഹാസമാണ്; അവാര്‍ഡ് നിര്‍ണയത്തില്‍ അദ്ദേഹത്തിന് റോളില്ല: മന്ത്രി സജി ചെറിയാന്‍
Kerala News
രഞ്ജിത്ത് ഇതിഹാസമാണ്; അവാര്‍ഡ് നിര്‍ണയത്തില്‍ അദ്ദേഹത്തിന് റോളില്ല: മന്ത്രി സജി ചെറിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2023, 12:29 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് യാതൊരു റോളുമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ചലച്ചിത്ര മേഖലയിലെ ഇതിഹാസമാണെന്നും അക്കാദമിയെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ആരുടെയെങ്കിലും കൈയില്‍ തെളിവുകളുണ്ടെങ്കില്‍ നിയപരമായി നീങ്ങട്ടെ എന്നും അദ്ദേഹം പറഞ്ഞു.

‘ നിക്ഷ്പക്ഷമായ ഒരു ജൂറിയെയാണ് ഇത്തവണ അവാര്‍ഡ് നിര്‍ണയത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. ലോക പ്രശസ്തരായവരെയാണ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണ് മുഴുവന്‍ അവാര്‍ഡും ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ല. കാരണം രഞ്ജിത് ജൂറിയില്‍ അംഗമല്ല. അദ്ദേഹത്തിന് ജൂറിയിലുള്ള ഒരാളുമായും സംസാരിക്കാന്‍ കഴിയില്ല. ജൂറിയെ സെലക്ട് ചെയ്തതും അദ്ദേഹമല്ല. നടപടിക്രമങ്ങളിലൂടെയാണ് ജൂറിയെ തെരഞ്ഞെടുത്തിട്ടുള്ളത്.

രഞ്ജിത് വളരെ മാന്യനായിട്ടുള്ള ചലച്ചിത്ര രംഗത്തെ ഇതിഹാസമാണ്. വളരെ ഭംഗിയായി അദ്ദേഹത്തിന്റെ കീഴില്‍ ചലച്ചിത്ര അക്കാദമി മുന്നോട്ട് പോയി എന്നതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. വളരെ ഭംഗിയായിട്ടാണ് അവാര്‍ഡ് വിതരണം സംഘടിപ്പിക്കുന്നത്. സാസ്‌കാരിക വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനുണ്ട്. അതിന്റെ ചെയര്‍മാനാണ് രഞ്ജിത്.

അവാര്‍ഡ് ലഭിക്കാത്തവര്‍ മോശമാണെന്ന് ഞാന്‍ പറയില്ല. മമ്മൂട്ടിക്ക് അവാര്‍ഡ് കൊടുത്തത് വേണ്ട എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ. മമ്മൂട്ടിയെ പോലെ തന്നെ അഭിനയിച്ചു വന്ന മറ്റു അഭിനേതാക്കളുമുണ്ട്, അവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കുന്നുണ്ട്. ഒരു മാര്‍ക്ക് വ്യത്യാസത്തില്‍ ഫുള്‍ എ പ്ലസ് കിട്ടാത്തവര്‍ മോശമാണെന്ന് പറയാന്‍ പറ്റില്ലല്ലോ. അത്തരം കലാകാരന്‍മാര്‍ക്കും അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷയുണ്ടാകും. മാറ്റുരച്ച് ഏറ്റവും നല്ല തങ്കം കണ്ടെത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ഒരാള്‍ക്കും ഒരു പരാതിയും പറയാന്‍ കഴിയില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ഞാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരാള്‍ക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രചാരങ്ങള്‍ അടിസ്ഥാന രഹിതമാണ്‌. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ സംബന്ധിച്ച് ആരുടെയെങ്കിലും കയ്യില്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാകട്ടെ. ഇത് വ്യക്തിപരമായി പരസ്പരം പറയേണ്ട കാര്യങ്ങളല്ല. അവാര്‍ഡ് നിര്‍ണയ സമിതിക്കാണ് ഉത്തരവാദിത്തം. അവര്‍ അവാര്‍ഡ് നിര്‍ണയിച്ച് എന്റെ കയ്യില്‍ തന്നു. അത് അവതരിപ്പിക്കേണ്ട ഉത്തരവാദിത്തമായിരുന്നു എന്റേത്. അത് ഞാന്‍ അവിടെ വെച്ച് പൊട്ടിച്ച് വായിച്ചു. ആരോപണങ്ങളില്‍ തെളിവുണ്ടെന്ന് പറയുന്നവര്‍ നിയമപരമായി നീങ്ങട്ടെ,’ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

content highlights: Ranjith is legendary, he has no role in deciding the award; Minister Saji Cheriyan