16 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആടുജീവിതം വെള്ളിത്തിരയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ചിത്രത്തിൽ എടുത്തു പറയേണ്ടത് പൃഥ്വിരാജ് എന്ന നടന്റെ അഭിനയവും താരത്തിന്റെ മേക്കോവറും ആണ്. ഈ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് 30 കിലോ ഭാരമാണ് കുറച്ചത്.
16 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആടുജീവിതം വെള്ളിത്തിരയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ചിത്രത്തിൽ എടുത്തു പറയേണ്ടത് പൃഥ്വിരാജ് എന്ന നടന്റെ അഭിനയവും താരത്തിന്റെ മേക്കോവറും ആണ്. ഈ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് 30 കിലോ ഭാരമാണ് കുറച്ചത്.
ചിത്രത്തിൽ പൃഥ്വിരാജിനെക്കാൾ നജീബ് എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകന് കാണാൻ കഴിയുക. വർഷങ്ങളോളം കുളിക്കാതെയും നനക്കാതെയും ഇരിക്കുന്ന നജീബിന്റെ ശരീരത്തെ കൃത്യമായ രീതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി ചെയ്തു വെച്ചിട്ടുണ്ട്.
സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും വാരിക്കൂട്ടിയ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജിത്ത് അമ്പാടി. അതുകൊണ്ടുതന്നെ അടുത്ത അവാർഡിലേക്കുള്ള തന്റെ തുറുപ്പുചീട്ട് നജീബിലൂടെ രഞ്ജിത്ത് ഒരുക്കി വെച്ചിട്ടുണ്ട്. ചിത്രം കണ്ട ഓരോരുത്തരിലും നജീബിന്റെ പ്രയാസങ്ങളെ അത്രമേൽ ആഴത്തിൽ തറച്ചിട്ടുണ്ടെങ്കിൽ അതിന്റെ വലിയൊരു പങ്ക് രഞ്ജിത്ത് അമ്പാടിക്കുമുണ്ട്.
ചിത്രത്തിലെ ഓരോരുത്തരുടെയും മേക്കോവർ ആർട്ടിഫിഷൽ ആയിട്ട് പ്രേക്ഷകന് തോന്നുകയില്ല. നജീബിന്റെ വസ്ത്രവും, ശരീരത്തിലെ ടാൻ, പല്ല്, നഖം, മുറിപ്പാടുകൾ തുടങ്ങി കൃത്യമായ രീതിയിൽ മരുഭൂമിയിൽ അകപ്പെട്ട ഒരു മനുഷ്യന്റെ എല്ലാ ചേഷ്ടകളും നമുക്ക് കാണാൻ കഴിയും.
നാട്ടിൽ നിന്നും ദുബായിലേക്ക് എത്തിയ നജീബ് കടന്നുപോയ പ്രയാസങ്ങളെ ഒരൊറ്റ ട്രാൻസ്ഫർമേഷൻലൂടെ നമുക്ക് കാണാൻ കഴിയും. മരുഭൂമിയിൽ ഇഴകി ചേർന്ന നജീബ് തന്റെ മുഖം വർഷങ്ങൾക്കുശേഷം കണ്ണാടിയിലൂടെ കാണുന്നുണ്ട്. ആ ഒരൊറ്റ മേക്കോവറിലൂടെ രഞ്ജിത്ത് അമ്പാടിയുടെ മാജിക് നമുക്ക് കാണാൻ സാധിക്കും.
മുഖത്ത് വരുന്ന ചുളിവുകളും, കഠിനമായ വെയിൽ കൊണ്ടിട്ട് ശരീരം മങ്ങിയതും, പല്ലിലെ കറയും, നഖത്തിന്റെ വളർച്ചയും തുടങ്ങി നജീബിന്റെ ഓരോ ചെറിയ കാര്യങ്ങളും രഞ്ജിത്ത് കൃത്യമായി വരച്ചിട്ടുണ്ട്. അതുപോലെ നജീബിനെ വസ്ത്രമില്ലാതെ കാണുന്ന സീനിലും അത്രയും പ്രയാസം അനുഭവിച്ച ഒരാളെയാണ് പ്രേക്ഷകൻ കാണുന്നത്.
ചെരുപ്പില്ലാതെ മരുഭൂമിയിലൂടെ ഓടിയ നജീബിന്റെ കാൽപാദങ്ങൾ പൊട്ടിപ്പൊളിഞ്ഞത് കാണുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ് വല്ലാതെ പിടഞ്ഞിട്ടുണ്ടാകും. കാരണം അത്രത്തോളം റിയലായി നമുക്ക് ആ മുറിപ്പാടുകളെ മനസിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. കാല് പൊള്ളിച്ച് വന്നതും മുറിവിന്റെ ആഴവും എല്ലാം ഒരൊറ്റ ഷോട്ടിലൂടെ നമുക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ രഞ്ജിത്ത് തന്നെയാണ്.
അതുപോലെ ചുറുചുറുക്കുള്ള ഹക്കീം എന്ന യുവാവിന്റെ ട്രാൻസ്ഫർമേഷൻ ഓരോ പ്രേക്ഷകനെയും ഞെട്ടിച്ചിട്ടുണ്ടാകും. മുടിയും താടിയും എല്ലാം വളർന്ന് ഹക്കീം എന്ന ചെറുപ്പക്കാരനെ കാണാൻ കഴിയാത്ത വിധം മാറ്റങ്ങളാണ് വന്നിട്ടുള്ളത്. നാട്ടിൽ നിന്നും ട്രെയിൻ കയറിയ ഹക്കീമും പിന്നീട് നജീബ് മരുഭൂമിയിൽ കാണുന്ന ഹക്കീമും ഒരാളാണെന്ന് പോലും നമുക്ക് വിശ്വസിക്കാൻ കഴിയില്ല. അവർ പരസ്പരം തിരിച്ചറിയുന്നത് തങ്ങളുടെ ശബ്ദത്തിലൂടെയാണ്. അത്രത്തോളം മാറ്റങ്ങളാണ് ശരീരത്തിൽ വന്നിട്ടുള്ളത്.
വെള്ളം കിട്ടാതെ ഇബ്രാഹിമിന്റെയും നജീബിന്റേയും ചുണ്ടുകളിൽ വന്ന നിറ വ്യത്യാസവും അതുപോലെ വെള്ളം കിട്ടിയതിന് ശേഷം ശരീരത്തിൽ വന്ന മാറ്റങ്ങളുമെല്ലാം അതിശയിപ്പിക്കുന്നതാണ്. വെള്ളം കിട്ടാതെ കുഴഞ്ഞു വീഴുന്ന ഹക്കീം പിന്നീട് ചോര ഛർദിച്ചു മരിച്ചു വീഴുമ്പോൾ ഒരുപാട് മാറ്റങ്ങൾ അവന്റെ ശരീരത്തിൽ വന്ന് മറയുന്നുണ്ട്.
ഒരു ചിത്രത്തിൽ മേക്കപ്പിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ആടുജീവിതത്തിലൂടെ കാണാൻ കഴിയും. രഞ്ജിത്ത് അമ്പാടി എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ കഴിവ് ഒരൊറ്റ ഫ്രെയിമിൽ കാണണമെങ്കിൽ നജീബിന്റെ നാട്ടിലുള്ള ഫോട്ടോയുടെ കൂടെ മരുഭൂമിയിലെ ഫോട്ടോ കൂടെ കണ്ടാൽ മതിയാകും. അതുപോലെ ജയിലിൽ എത്തിയതിന് ശേഷമുള്ള നജീബിന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളും വ്യത്യസ്തമാണ്.
ചുരുക്കി പറഞ്ഞാൽ വർഷങ്ങളോളം ആടുജീവിതത്തിനായി കാത്തിരുന്ന പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെയാണ് ബ്ലെസി ഒരുക്കിയത്. ആടുജീവിതത്തെ ഇത്രയേറെ മനോഹരമാക്കാൻ ബ്ലെസിയെ സഹായിച്ചത് രഞ്ജിത്ത് അമ്പാടിയെ പോലുള്ള ഒരുപാട് കരങ്ങളാണ്. രഞ്ജിത്ത് എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ കരിയറിലെ ഏറ്റവും മികച്ച വർക്കായി ആടുജീവിതം മാറിയിട്ടുണ്ട്.
Content Highlight: Ranjith ambady’s contribution in aadujeevitham movie