മണിരത്‌നം പൊന്നിയിന്‍ സെല്‍വനിലേക്ക് വിളിച്ചു; അന്ന് ഇത്ര വലിയ പ്രൊജക്ടായിരുന്നില്ല: രഞ്ജിത്ത് അമ്പാടി
Entertainment news
മണിരത്‌നം പൊന്നിയിന്‍ സെല്‍വനിലേക്ക് വിളിച്ചു; അന്ന് ഇത്ര വലിയ പ്രൊജക്ടായിരുന്നില്ല: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th November 2023, 7:01 pm

ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. അദ്ദേഹം ഇപ്പോള്‍ കമല്‍ ഹാസന്‍-മണിരത്‌നം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായ തഗ് ലൈഫിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.

പ്രേക്ഷകരുടെ മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് കമല്‍ ഹാസന്‍-മണിരത്‌നം കൂട്ടുകെട്ടില്‍ ഈ സിനിമയിറങ്ങുന്നത്. താന്‍ മണിരത്‌നം സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സില്ലി മോങ്ക്സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് രഞ്ജിത്ത് അമ്പാടി.

‘മണി സാര്‍ എന്റെ ഉറുമിയെന്ന സിനിമ കണ്ടിരുന്നു. ആ സമയത്ത് രാവണ്‍ സിനിമയില്‍ സന്തോഷ് ശിവന്‍ സാറായിരുന്നു ക്യാമറ ചെയ്തിരുന്നത്. അപ്പോള്‍ അദ്ദേഹവുമായുള്ള ബന്ധം വഴിയാണ് മണി സാറിന്റെ അടുത്ത പ്രൊജക്റ്റിലേക്ക് എന്നെ വിളിക്കുന്നത്.

അന്ന് ഏതായിരുന്നു ആ പടമെന്ന് അനൗണ്‍സ് ചെയ്തിരുന്നില്ല. പക്ഷെ അറിയാന്‍ സാധിച്ചത്, പൊന്നിയിന്‍ സെല്‍വനെന്ന പ്രൊജക്ടാണെന്നാണ്. അന്ന് അതത്ര വലിയ പ്രൊജക്ടായിരുന്നില്ല. ഇത്ര വലിയ ആര്‍ട്ടിസ്റ്റുകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. തമിഴില്‍ മാത്രമുള്ള ഒരു ചെറിയ സിനിമയായിരുന്നു.

അതിന് ശേഷം എപ്പോഴോ അവര്‍ ആ സിനിമ താത്കാലികമായി വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നീടുള്ള നാലഞ്ച് മാസം കമ്പനിയുമായി മാത്രമേ ബന്ധമുണ്ടായിരുന്നുള്ളു. അതിന് ശേഷമാണ് മണി സാറിനൊപ്പം കടലെന്ന സിനിമ ചെയ്യുന്നത്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

ഇതോടൊപ്പം സിനിമയില്‍ ഉലകനായകന്‍ കമല്‍ ഹാസനെ കുറിച്ചും രഞ്ജിത്ത് അമ്പാടി സംസാരിച്ചു. കമല്‍ ഹാസനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ തനിക്ക് പേടിയാണെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ ഈ മേഖലയില്‍ ഇപ്പോള്‍ പത്ത് മുപ്പത് വര്‍ഷമായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ട്. നൂറ്റമ്പതോളം സിനിമകള്‍ ചെയ്തു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതും ഇനി അടുത്ത വര്‍ഷം ചെയ്യാന്‍ പോകുന്നതുമായ സിനിമകള്‍ എനിക്ക് ശരിക്കും പുതിയ സ്‌കൂളാണ്. പുതിയ ഒരു സ്‌കൂളില്‍ ജോയിന്‍ ചെയ്തത് പോലെയാണ് അത്. പ്രത്യേകിച്ച് കമല്‍ സാറിന് കൂടെ.

അപ്പോള്‍ ഞാന്‍ പോയിരിക്കുന്നത് മേക്കപ്പ് ചെയ്യാന്‍ വേണ്ടിയല്ല. അവിടുന്ന് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ്. ഇന്ത്യയില്‍ ആദ്യമായിട്ട് പ്രോസ്തറ്റിക് മേക്കപ്പ് ചെയ്യുന്നത് കമല്‍ ഹാസന്‍ സാറാണ്. മുമ്പ് ഇങ്ങനെയുള്ള മേക്കപ്പുണ്ടോയെന്ന കാര്യത്തില്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനും അറിവുണ്ടായിരുന്നില്ല.

ആ സമയത്താണ് അദ്ദേഹം ‘അവ്വൈ ഷണ്‍മുഖി’ സിനിമയുടെ ചിത്രീകരണത്തിന് മൂന്ന് മാസം മുമ്പ് യു.എസില്‍ പോകുന്നത്. അവിടെ ഒരു മേക്കപ്പ് അക്കാദമിയില്‍ നിന്ന് മേക്കപ്പിന്റെ കോഴ്സ് പോലും പഠിച്ചു. അങ്ങനെയൊരാളുടെ അടുത്താണ് നമ്മള്‍ മേക്കപ്പ് ചെയ്യാന്‍ പോകുന്നത്.

അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ടെന്‍ഷനാണ്. കാരണം ഇപ്പോള്‍ നമ്മള്‍ മേക്കപ്പിന് വേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയലൊക്കെ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിട്ടുണ്ടാകും. അദ്ദേഹം ഉപയോഗിച്ചിട്ടുമുണ്ടാകും. അതിന്റെ പേടി എനിക്കുണ്ടായിരുന്നു,’ രഞ്ജിത്ത് അമ്പാടി പറയുന്നു.


Content Highlight: Ranjith Ambadi Talks About Manirathnam And Kamal Haasan