മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. അദ്ദേഹം ഇപ്പോള്‍ ഉലകനായകന്‍ കമല്‍ ഹാസന്റെ ‘തഗ് ലൈഫ്’ എന്ന സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.
‘സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഏതൊരു ടെക്‌നീഷ്യന്‍സിനും പ്രത്യേകിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കും കമല്‍ ഹാസന്‍ സാറിനെ കാണാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. സ്വാഭാവികമായും ഇത്രയും വര്‍ഷം സിനിമയിലുള്ളത് കൊണ്ട് പലയിടത്തും വെച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
എങ്കിലും ഒരു സിനിമയിലെങ്കിലും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുകയെന്നത് ഭാഗ്യമാണ്. അത് എന്തുകൊണ്ടോ ഇപ്പോള്‍ സംഭവിച്ചു, അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ഈ മേഖലയില്‍ ഇപ്പോള്‍ പത്ത് മുപ്പത് വര്‍ഷമായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ട്. നൂറ്റമ്പതോളം സിനിമകള്‍ ചെയ്തു.
എന്നാല്‍ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതും ഇനി അടുത്ത വര്‍ഷം ചെയ്യാന്‍ പോകുന്നതുമായ സിനിമകള്‍ എനിക്ക് ശരിക്കും പുതിയ സ്‌കൂളാണ്. പുതിയ ഒരു സ്‌കൂളില്‍ ജോയിന്‍ ചെയ്തത് പോലെയാണ് അത്. പ്രത്യേകിച്ച് കമല്‍ സാറിന് കൂടെ. അപ്പോള്‍ ഞാന്‍ പോയിരിക്കുന്നത് മേക്കപ്പ് ചെയ്യാന്‍ വേണ്ടിയല്ല. അവിടുന്ന് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ്.
ഇന്ത്യയില്‍ ആദ്യമായിട്ട് പ്രോസ്തറ്റിക് മേക്കപ്പ് ചെയ്യുന്നത് കമല്‍ ഹാസന്‍ സാറാണ്. മുമ്പ് ഇങ്ങനെയുള്ള മേക്കപ്പുണ്ടോയെന്ന കാര്യത്തില്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനും അറിവുണ്ടായിരുന്നില്ല. ആ സമയത്താണ് അദ്ദേഹം ‘അവ്വൈ ഷണ്‍മുഖി’ സിനിമയുടെ മൂന്ന് മാസം മുമ്പ് യു.എസില്‍ പോകുന്നത്. അവിടെ ഒരു മേക്കപ്പ് അക്കാദമിയില്‍ നിന്ന് മേക്കപ്പിന്റെ കോഴ്‌സ് പോലും പഠിച്ചു.
അങ്ങനെയൊരാളുടെ അടുത്താണ് നമ്മള്‍ മേക്കപ്പ് ചെയ്യാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ടെന്‍ഷനാണ്. കാരണം ഇപ്പോള്‍ നമ്മള്‍ മേക്കപ്പിന് വേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയലൊക്കെ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിട്ടുണ്ടാകും. അദ്ദേഹം ഉപയോഗിച്ചിട്ടുമുണ്ടാകും. അതിന്റെ പേടി എനിക്കുണ്ടായിരുന്നു,’ രഞ്ജിത്ത് അമ്പാടി പറയുന്നു.
Content Highlight: Ranjith Ambadi Talks About Kamal Haasan In Thug Life Movie