ബ്ലെസി ഒരുഘട്ടത്തില്‍ ആടുജീവിതത്തില്‍ പൃഥ്വിക്ക് പകരം പുതുമുഖങ്ങളെ വെച്ച് ചിന്തിച്ചിരുന്നു: രഞ്ജിത്ത് അമ്പാടി
Entertainment
ബ്ലെസി ഒരുഘട്ടത്തില്‍ ആടുജീവിതത്തില്‍ പൃഥ്വിക്ക് പകരം പുതുമുഖങ്ങളെ വെച്ച് ചിന്തിച്ചിരുന്നു: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th March 2024, 9:41 pm

മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ് ആടുജീവിതം. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്. ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത് അമ്പാടി.

‘ബ്ലെസി സാറിന്റെ മനസില്‍ ആടുജീവിതത്തിലെ നായകനായി ആദ്യം തൊട്ടേ പൃഥ്വി തന്നെയായിരുന്നു. രാജുവിന് അപ്പോള്‍ തന്നെ രണ്ട് മൂന്ന് വര്‍ഷങ്ങളിലേക്കുള്ള പ്രൊജക്റ്റുകള്‍ ഉണ്ടായിരുന്നു. അതൊക്കെ തീര്‍ത്തിട്ടേ ആടുജീവിതം ചെയ്യാന്‍ കഴിയുള്ളു.

ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയാല്‍ പിന്നെ ആറ് മാസത്തേക്കോ നാല് മാസത്തേക്കോ ഗ്യാപ്പില്‍ രണ്ട് ഷെഡ്യൂള്‍ ഇട്ടാലെ മറ്റൊരു സിനിമക്ക് വേണ്ടി പോകാന്‍ കഴിയുള്ളൂ. മൊത്തം ഒന്നര വര്‍ഷത്തെ പ്ലാനിങ് ആയിരുന്നു ഉണ്ടായിരുന്നത്.

2012ല്‍ ലൊക്കേഷന്റെ കാര്യങ്ങളും മറ്റുമായി സിനിമയുടെ ഷൂട്ടിങ്ങ് നടക്കാതെ പോയി. ബ്ലെസി സാര്‍ അപ്പോള്‍ വേറെ പ്രൊജക്റ്റ് തുടങ്ങാനുള്ള പ്ലാനില്‍ ആയിരുന്നു. വിക്രം സാറുമായിട്ടൊക്കെ ബ്ലെസി സാറിന് നല്ല കണക്ഷന്‍ ഉണ്ടായിരുന്നു. കാഴ്ചയുടെ തമിഴ് ചെയ്യാന്‍ വേണ്ടി മുമ്പ് ആലോചനയുണ്ടായിരുന്നു.

തന്മാത്രയും പളുങ്കുമൊക്കെ കഴിഞ്ഞ് അത് ചെയ്യാമെന്ന പ്ലാനിലായിരുന്നു സാര്‍. അതുകൊണ്ട് വിക്രം സാറുമായി നല്ല കോണ്ടാക്ട് ഉണ്ടായിരുന്നു. ആടുജീവിതത്തിനായി വിക്രം സാറിനോട് സംസാരിച്ചത് അങ്ങനെയായിരുന്നു.

ആ സമയത്ത് സൂര്യ ഉള്‍പെടെയുള്ള രണ്ടുമൂന്നുപേരോട് അദ്ദേഹം സംസാരിച്ചിരുന്നു. കങ്കുവ സിനിമയുടെ ഭാഗമായി കണ്ടപ്പോള്‍ സൂര്യ ഞാന്‍ മിസ് ചെയ്ത സിനിമയാണ് ആടുജീവിതമെന്ന് പറഞ്ഞിരുന്നു. പല ആളുകളെ കണ്ടിട്ടും സിനിമ നീണ്ട് പോകുകയായിരുന്നു.

ബ്ലെസി സാര്‍ അതിനിടയില്‍ വേറെ പ്രൊജക്റ്റിലേക്ക് പോയി. അതുകൊണ്ടാണ് 2012ല്‍ തുടങ്ങാമെന്ന് പറഞ്ഞ സിനിമയുടെ ഷൂട്ടിങ് 2018ലേക്ക് നീണ്ട് പോയത്. 2012-13 കാലയളവിലാണ് പുതുമുഖങ്ങളെ വെച്ച് ചെയ്യാന്‍ ആലോചിക്കുന്നത്. അത് കഴിഞ്ഞ് 2015ലൊക്കെയാണ് രാജുവിനെ വെച്ച് ചെയ്യാന്‍ വീണ്ടും ചിന്തിക്കുന്നത്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.


Content Highlight: Ranjith Ambadi Talks About Aadujeevitham And Blessy