| Saturday, 23rd March 2024, 9:45 am

ഏതെങ്കിലും ഒരു ആർട്ടിസ്റ്റ് ചെയ്യുമോ അതുപോലെ, അവരുടെയൊക്കെ മുന്നില്‍ നമ്മള്‍ എന്ത് തെളിയിക്കാനാണ്: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലാണ് രഞ്ജിത്ത് സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി രംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു രഞ്ജിത്ത് അമ്പാടി.

ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്. അതുപോലെ കമൽ ഹസൻ നായകനാകുന്ന തഗ് ലൈഫിലും സൂര്യ പ്രധാന വേഷത്തിൽ എത്തുന്ന കങ്കുവയിലും രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ആർട്ടിസ്റ്റ്.

തഗ് ലൈഫിൽ കമൽ ഹാസനെ മേക്കപ്പ് ചെയ്യാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രഞ്ജിത്ത് അമ്പാടി. താനിവിടെ പത്തിരുത്തഞ്ച് വർഷമായിട്ട് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും കമൽ ഹാസനെ കാണണമെന്നത് വലിയൊരു ആഗ്രഹമാണെന്നും രഞ്ജിത്ത് പറഞ്ഞു.

താൻ അവിടെ എത്തിയപ്പോൾ എൽ.കെ.ജിയിൽ ചേർന്ന പോലെയാണെന്നും മേക്കപ്പിന്റെ പ്രൊഫസർ ആണ് അവിടെ ഇരിക്കുന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനിവിടെ പത്തിരുത്തഞ്ച് വർഷമായിട്ട് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ വലിയൊരു ആഗ്രഹമാണ് പുള്ളിയെ കാണണം എന്നുള്ളത്. അദ്ദേഹത്തെ കാണണം എന്നുള്ളത് ഏതൊരു സിനിമാക്കാരനും ആഗ്രഹമുണ്ടാകും. പ്രത്യേകിച്ച് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന് കൂടെ വർക്ക് ചെയ്യണമെന്നും ആഗ്രഹമുണ്ടാകും. അങ്ങനെ ഒരു ആഗ്രഹം മനസിൽ ഉണ്ടായിരുന്നു. അത് പെട്ടെന്ന് തന്നെ സംഭവിക്കുകയും ചെയ്തു.

അവിടെ എത്തുമ്പോൾ ഇത്ര അവാർഡ് കിട്ടി, ഇത്രയും കാലം വർക്ക് ചെയ്തു എന്നൊന്നുമില്ല. ഞാൻ അവിടെ ചെന്നപ്പോൾ എൽ.കെ.ജി ചേർന്ന പോലെയാണ്. മേക്കപ്പിന്റെ പ്രൊഫസർ ആണ് അവിടെ ഇരിക്കുന്നത്. അദ്ദേഹത്തിന് ആണ് നമ്മൾ മേക്കപ്പ് ചെയ്യാൻ പോകുന്നത്. അദ്ദേഹം അവ്വൈ ഷണ്മുഗിയോ മറ്റേതോ ഒരു സിനിമയ്ക്ക് വേണ്ടി, ആ പടം തുടങ്ങുന്നതിന് മുമ്പ് യു.കെയിൽ എവിടെയോ പോയി രണ്ടുമാസത്തെ കോഴ്സ് ചെയ്ത ആളാണ്.

സ്വന്തം വർക്കിന് വേണ്ടി കോഴ്സ് ചെയ്ത മനുഷ്യനാണ്. മേക്കപ്പിന്റെ കോഴ്സ് ചെയ്തു. ഏതെങ്കിലും ആർട്ടിസ്റ്റ് ചെയ്യുമോ അതുപോലെ? അങ്ങനെ ഉള്ള ആളുടെ അടുത്ത് പോയിട്ടാണ് നമ്മൾ നമ്മുടെ വർക്ക് കാണിക്കാൻ പോകുന്നത്. അവിടെ നമ്മൾ സ്കൂളിൽ പഠിക്കാൻ പോയപോലെയാണ്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Content Highlight: Ranjith Ambadi shared his experience of working with Kamal Haasan

We use cookies to give you the best possible experience. Learn more