'വേറെ ഒരാള്‍ ചെന്ന് ടച്ച് അപ്പ് ചെയ്യുന്നതോ ഹെയര്‍ ശരിയാക്കുന്നതോ ഇഷ്ടപ്പെട്ടെന്നുവരില്ല; കംഫര്‍ട്ടായ അസിസ്റ്റന്റുമാരെ മാത്രമേ കാരവനിലേക്ക് കയറ്റാറുള്ളൂ'
Film News
'വേറെ ഒരാള്‍ ചെന്ന് ടച്ച് അപ്പ് ചെയ്യുന്നതോ ഹെയര്‍ ശരിയാക്കുന്നതോ ഇഷ്ടപ്പെട്ടെന്നുവരില്ല; കംഫര്‍ട്ടായ അസിസ്റ്റന്റുമാരെ മാത്രമേ കാരവനിലേക്ക് കയറ്റാറുള്ളൂ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st March 2024, 12:38 pm

ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലാണ് രഞ്ജിത്ത് സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി രംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു രഞ്ജിത്ത് അമ്പാടി.

ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്. അതുപോലെ കമൽ ഹസൻ നായകനാകുന്ന തഗ് ലൈഫിലും സൂര്യ പ്രധാന വേഷത്തിൽ എത്തുന്ന കങ്കുവയിലും രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ആർട്ടിസ്റ്റ്.

ആർട്ടിസ്റ്റുകൾ കംഫർട്ട് ആകാൻ താൻ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത് അമ്പാടി. തങ്ങൾ ആർട്ടിസ്റ്റുകളെ പരമാവധി കംഫർട്ട് ആക്കുമെന്നും അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്താണെന്ന് തനിക്ക് അറിയാമെന്നും രഞ്ജിത്ത് പറഞ്ഞു.

ആർട്ടിസ്റ്റിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്താണെന്ന് തന്റെ ടീമിൽ ഉള്ളവരോട് പറയുമെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു. ആർട്ടിസ്റ്റിന് ഇഷ്ട്ടമുള്ള അസിസ്റ്റന്റുകളെ മാത്രമേ കാരവനിലേക്ക് കൊണ്ട് പോവുകയുള്ളൂയെന്നും രഞ്ജിത്ത് റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘നമ്മൾ ആർട്ടിസ്റ്റുകളെ മാക്സിമം കംഫർട്ട് ആക്കും. പരിചയമുള്ള ആർട്ടിസ്റ്റിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്താണെന്ന് നമുക്കറിയാം. ഇവർക്ക് ഇടയ്ക്ക് ദേഷ്യം വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ ശ്രദ്ധിക്കും. അത് നമ്മൾ നമ്മുടെ ടീമിന്റെ മുന്നില് ഓൾറെഡി പറയും. ചില ആർട്ടിസ്റ്റിന് മേക്കപ്പ് ചെയ്യാൻ ഞാൻ കയറുമ്പോൾ ഇദ്ദേഹത്തിന് കംഫർട്ട് ആയ അസിസ്റ്റന്റ് മാത്രമായിരിക്കും എന്റെ കൂടെ നിൽക്കുക.

കാരവനിൽ ആണെങ്കിൽ ബാക്കിയുള്ളവരെയൊക്കെ പുറത്താക്കും. നമ്മുടെ കൂടെ ഒരുപാട് അസിസ്റ്റന്റുകൾ ഉണ്ടാകുമല്ലോ, ചില ആളുകളുമായി ആർട്ടിസ്റ്റുകൾ നല്ല കമ്പനി ആയിരിക്കും. അവരെ മാത്രമേ കാരവനിലേക്ക് കൊണ്ടുപോകാറുള്ളൂ. അവരോട് മാത്രം ആയിരിക്കും ആ ആർട്ടിസ്റ്റിനെ ശ്രദ്ധിക്കാൻ പറയുക. വേറെ ഒരാൾ ചെന്ന് ടച്ച് അപ്പ് ചെയ്യുക, ഹെയർ എന്തെങ്കിലും ശരിയാക്കി കഴിഞ്ഞാൽ ഇഷ്ടപ്പെട്ടു എന്ന് വരില്ല,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Content Highlight: Ranjith Ambadi on the actors’ comfort during make-up