| Tuesday, 19th March 2024, 9:25 pm

ആടുജീവിതത്തിൽ ഇനി കാണാനിരിക്കുന്ന പൃഥ്വിരാജിന്റെ ലുക്കുകളെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിലെ ഓരോ അപ്ഡേഷനുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മേക്കപ്പ് ചെയ്തിരിക്കുന്നത് ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടിയാണ്. പൃഥ്വിരാജിന്റെ ഇനി കാണാനിരിക്കുന്ന ലുക്കുകൾ ഉണ്ടോ എന്ന ചോദ്യത്തിന് ഇതിലും ഭീകരമായ അവസ്ഥകൾ ഉണ്ടെന്നായിരുന്നു രഞ്ജിത്ത് അമ്പാടിയുടെ മറുപടി.

ഇനിയും വേറെ ലുക്കുകൾ വരുമെന്നും അത് കണ്ടാൽ മാത്രമേ മനസിലാവുകയുള്ളൂയെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജിത്ത് അമ്പാടി. ‘ഭീകരമായിട്ടുള്ള അതിലെ അവസ്ഥകൾ ഇനിയും ഉണ്ട്. ഇനിയും വേറെ ലുക്കുകൾ വരും. അതൊക്കെ കണ്ടാല് മാത്രമേ മനസിലാവുകയുള്ളൂ,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

ആദ്യമായി നജീബിന്റെ ലുക്ക് മേക്കപ്പ് ചെയ്തതിന് ശേഷം പൃഥ്വിരാജ് പറഞ്ഞ വാക്കുകളെക്കുറിച്ചും രഞ്ജിത്ത് അമ്പാടി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഞങ്ങൾ അതിനു മുമ്പ് ലുക്ക് ടെസ്റ്റ് ഒരുപാട് പ്രാവശ്യം ചെയ്തിരുന്നു. ഇവിടുന്ന് മേക്കപ്പ് ചെയ്ത് നോക്കിയിരുന്നു. എന്നാൽ ഷൂട്ടിന് അവിടെ ചെന്നതിനു ശേഷമാണ് മുഴുവനായിട്ട് കോസ്റ്റ്യൂമും തലയിൽ കെട്ടും ഒക്കെ ചെയ്തത്. എല്ലാം റെഡിയായിട്ട് മിററിൽ നോക്കിയിട്ട് രാജു ഒരു കാര്യം പറഞ്ഞു, ലുക്ക് ഓക്കെയാണ് സാർ എന്നാണ്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

മലയാളത്തില്‍ ഏററവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം.

Content Highlight: Ranjith ambadi about upcoming look of prithviraj in aadujeevitham

Latest Stories

We use cookies to give you the best possible experience. Learn more