തിരക്കഥ സിനിമയുടെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. ആ സിനിമ ചെയ്യുമ്പോൾ ക്യാൻസർ ബാധിച്ച ആളുകളെ നേരിട്ട് കണ്ടെന്നും അത് തനിക്ക് ഗുണം ചെയ്‌തെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു. തങ്ങൾ മൊട്ട അടിച്ച സീനൊക്കെ സാധാരണയായി ചെയ്യാറുണ്ടെന്നും എന്നാൽ ഇതിൽ മുടി പോയിട്ട് രണ്ടാമത് വരുന്നതാണെന്നും രഞ്ജിത്ത് പറഞ്ഞു.
വിഗ് പറ്റില്ലെന്നും അത് വെച്ചാൽ മുഴുവനായി കവർ ചെയ്യുമെന്നും രഞ്ജിത്ത് അമ്പാടി പറയുന്നുണ്ട്. ഷൂട്ടിന്റെ സമയത്ത് സംവിധായകൻ രഞ്ജിത്ത് തന്നോട് ഈ സിനിമയ്ക്ക് അവാർഡ് കിട്ടുമെന്ന് പറഞ്ഞെന്നും രഞ്ജിത്ത് അമ്പാടി റെഡ് എഫ്.എമ്മിനോട് പറയുന്നുണ്ട്.
‘തിരക്കഥ സിനിമയുടെ കഥ കേട്ടു. ഞാൻ വിചാരിച്ചു അങ്ങനെയുള്ള ഒരാളെ റിയൽ ആയിട്ട് കാണണം. റഫറൻസ് നെറ്റിൽ നിന്ന് എടുത്ത് കഴിഞ്ഞാൽ എങ്ങനെയെന്ന് അറിയാൻ പറ്റില്ല. എനിക്കറിയാവുന്ന ഫ്രണ്ട്സിന്റെ ഒക്കെ ഒന്ന് രണ്ട് ആളുകളുണ്ട്. സിനിമയുടെ കാര്യം ഒന്നും പറഞ്ഞില്ല, അല്ലാതെ പോയി. അവരെ കാണുകയും സംസാരിക്കുകയും ചെയ്തു.
സാധാരണ നമ്മൾ മൊട്ട അടിച്ച സീനൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ഒരുപാട് സിനിമയിൽ ചെയ്തിട്ടുണ്ട്. നമുക്ക് വേണ്ടത് അതല്ല. ഹെയർ പോയിട്ട് രണ്ടാമത് ചെറുതായിട്ട് വരുന്നതാണ്.
വിഗും പറ്റില്ല. വിഗ് വെച്ചാൽ മുഴുവൻ കവർ ആയിപോവും. ക്യാപ്പ് പോലത്തതിൽ ചെയ്യിപ്പിച്ചതാണ്. അത് നേരത്തെ ആരും ചെയ്തിട്ട് കണ്ടിട്ടുണ്ടാവില്ല. ചെയ്തിട്ടുണ്ടെങ്കിൽ തന്നെ നമുക്ക് അറിയില്ല. അങ്ങനെയുള്ള വർക്കാണ് നമുക്ക് അതിൽ ചെയ്യാൻ പറ്റിയത്. ഞാൻ ഓരോ ഷോട്ട് എടുക്കുമ്പോഴും അതിൻറെ സീക്വൻസ് എടുക്കും.
എല്ലാം കറക്റ്റ് ചെയ്തു പോകും. വേറെ അസ്സിസ്റ്റൻസ് ഒന്നുമില്ല. ഞാൻ തന്നെയാണ് നിൽക്കുന്നത്. ഇതിനുവേണ്ടി സമയം പോകുന്നുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോൾ ഞാൻ ഓരോന്ന് ശരിയാക്കും. അത് കഴിഞ്ഞ് ഞാൻ ഓടിച്ചെന്ന് മോണിറ്ററിന്റെ അടുത്ത് നിൽക്കുമ്പോൾ പുള്ളി എന്റെ അടുത്ത് വന്ന് പറയും ‘നീ ടെൻഷൻ അടിക്കേണ്ട ഈ പടത്തിൽ നിനക്ക് അവാർഡ് ഉണ്ട്’ എന്ന്. നമ്മളതൊന്നും ശ്രദ്ധിച്ചിട്ടല്ല ചെയ്യുന്നത്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.
Content Highlight: Ranjith ambadi about thirakatha movie’s hardwork