പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന്റെ മേക്കപ്പിന് ലഭിച്ച അവാർഡിന് താൻ അർഹനായതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. സംവിധായകന് മമ്മൂട്ടിയുടെ മുസ്‌ലിം കഥാപാത്രത്തിന് വെളുത്ത മുടി വേണമെന്ന് നിർബന്ധമായിരുന്നെന്നും എന്നാൽ മമ്മൂട്ടിക്ക് വിഗ് വെക്കുമ്പോഴുള്ള പശ വേണ്ടെന്ന് പറഞ്ഞെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു.
മമ്മൂട്ടിയുടെ കഥാപാത്രം മുസ്‌ലിം ആയതുകൊണ്ട് തൊപ്പി വെക്കാമെന്ന് ആലോചിക്കുകയും വിഗ് കൃത്യമായി കട്ട് ചെയ്ത് ആ തൊപ്പിയിൽ പിടിപ്പിച്ചപ്പോൾ മമ്മൂട്ടിക്ക് അത് ഇഷ്ട്ടമായെന്നും രഞ്ജിത്ത് പറയുന്നുണ്ട്. ‘കൊള്ളാം നല്ല പരിപാടി ആണല്ലോ, ഈ പടത്തിന് നിനക്ക് അവാർഡ് കിട്ടും എന്ന്’ മമ്മൂട്ടി വെറുതെ പറഞ്ഞിരുന്നെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംവിധായകന് നിർബന്ധമായിരുന്നു ആ ക്യാരക്ടറിന് അത്ര വൈറ്റ് ആയിട്ടുള്ള ഹെയർ തന്നെ വേണമെന്നുള്ളത്. വൈറ്റ് കളർ അപ്ലൈ ചെയ്താൽ പോലും നമുക്ക് അങ്ങനെയൊരു ഒരു വൈറ്റ് കളർ കിട്ടില്ല. അവസാന നിമിഷം വരെ വേണമെന്നായിരുന്നു. ഷൂട്ടിന് മുമ്പാണ് മമ്മൂക്ക അത് പറയുന്നത്. തലയിൽ ഗം ഒട്ടിച്ചാൽ പലർക്കും പല റിയാക്ഷൻ ഉണ്ടാകും. ഗം ഒട്ടിക്കാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് മമ്മൂക്ക ചോദിച്ചു.
ചുരുക്കിപ്പറഞ്ഞാൽ വിഗ് വേണ്ട എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ ഡയറക്ടറിന്റെ മുഖത്തൊക്കെ വളരെ നിരാശയായിരുന്നു. കാരണം അത്രയും നേരം ആ ഗെറ്റപ്പ് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഥാപാത്രത്തിന് ക്യാപ്പ് വേണോ വേണ്ടയോ എന്ന് അപ്പോൾ തീരുമാനിച്ചിട്ടില്ലായിരുന്നു. ഈ ക്യാരക്ടർ ഒരു മുസ്ലിം ആയിരുന്നു. ക്യാപ്പ് പോലെയുള്ള ഒരു സാധനം ആണെങ്കിൽ നമുക്ക് ഫിക്സ് ചെയ്യാലോ എന്ന് ആലോചിച്ചു.
മമ്മൂക്കാ ഇതൊന്ന് വെച്ചു നോക്കട്ടെ എന്ന് പറഞ്ഞ് വിഗിന് ക്യാപ് വെച്ചു. വിഗിൻ്റെ കാര്യം അവർ പ്രതീക്ഷിക്കുന്നില്ല. എല്ലാം കഴിഞ്ഞതിനുശേഷം വിഗ് കറക്റ്റ് ആയിട്ട് കട്ട് ചെയ്തിട്ട് ആ ക്യാപ്പില് പിടിപ്പിച്ച് മമ്മൂക്കയോട് വെച്ച് നോക്കാൻ പറഞ്ഞു. വെച്ച് നോക്കിയപ്പോൾ ശരിക്കും ഒരു വിഗ് വെച്ച ഫീലുമുണ്ട്, അതിന്റെ മുകളിൽ ക്യാപ്പ് വെച്ച പോലെയുമുണ്ട്. മമ്മൂക്ക അപ്പോൾ തന്നെ നോക്കിയിട്ട് പറഞ്ഞു ‘കൊള്ളാം നല്ല പരിപാടി ആണല്ലോ, ഈ പടത്തിന് നിനക്ക് അവാർഡ് കിട്ടും’ എന്ന് വെറുതെ പറഞ്ഞു,’ രഞ്ജിത്ത് അമ്പാടി പറയുന്നു.
Content Highlight: Ranjith ambadi about the award he brought for palerimanikyam movie’s makeup