| Thursday, 11th April 2024, 8:50 pm

ആദ്യ ദിവസം രാജുവിന് ഡയലോഗ് പോലും പറയാൻ കഴിയുന്നില്ല; പിന്നീട് ആലോചിക്കും എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന്: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിന്റെ മരുഭൂമിയിലെ ലൊക്കേഷനിൽ ടെക്‌നീഷൻമാർ സർവൈവ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. മരുഭൂമിയിലെ മണൽകാറ്റ് കാറ്റുള്ളതുകൊണ്ട് എല്ലാവരും മുഴുവനായി മൂടിയിരിയ്ക്കുമെന്നും പരസപരം ആളുകളെ തിരിച്ചറിയില്ലെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു.

എന്നാൽ അപ്പോഴും പൃഥ്വിരാജ് ഒരു ഷർട്ട് മാത്രം ധരിച്ചിട്ടാണ് അവിടെ നിന്നതെന്നും ആദ്യ ദിവസം
പൃഥ്വിക്ക് ഡയലോഗ് പോലും പറയാൻ കഴിഞ്ഞില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മൾക്ക് ഫുഡ് ആവശ്യം വന്നാൽ ഞങ്ങൾ ചെന്ന് സംസാരിച്ചിട്ട് അദ്ദേഹം മറുപടി തരുമ്പോൾ ആണ് നമ്മൾ ഉദ്ദേശിച്ച ആളല്ല എന്ന് മനസിലാകുന്നത്. നമ്മുടെ പ്രൊഡക്ഷനിലെ ആളാണെന്ന് കരുതി വെള്ളം ഉണ്ടോ എന്ന് ചോദിച്ചാൽ അയാൾ പറയും ഞാൻ ക്രെയ്നിലെ ആളാണ് എന്ന്. നമുക്കൊന്നും കാണാൻ പറ്റില്ല, എല്ലാം മൂടിയിരിക്കുകയാണ്.

ചൂട് മാത്രമല്ല പ്രശ്നം, മണൽ കാറ്റാണ്. ചെവിയിലും കണ്ണിലും ഒക്കെ കയറും. സാധാരണ കൂളിങ് ഗ്ലാസ് വെച്ചിട്ട് കാര്യമില്ല. അവരുടെ തന്നെ ഫുൾ ആയിട്ട് കവർ ചെയ്യുന്ന സാധനം വെക്കണം. അതെല്ലാം ഇട്ട് മൂക്കും വായും പൊത്തിയാല് ആളെ തിരിച്ചറിയില്ല. ഞങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം മാസ്ക് മാറ്റും.

അപ്പോഴും നജീബ് ഒരു സാധാ ഷർട്ടും മാത്രമിട്ട് ആ വെയിലത്ത് നിൽക്കും. ഫസ്റ്റ് ദിവസം ഡയലോഗ് പോലും പറയാൻ പറ്റുന്നില്ല. എവിടെയെങ്കിലും നോക്കാൻ പറ്റണ്ടേ, കാറ്റിങ്ങനെ അടിക്കുന്നുണ്ട്. നമ്മൾ ആലോചിക്കുകയാണ് രാജു പിന്നീട് എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട നോവല്‍ ചലച്ചിത്രരൂപത്തില്‍ എത്തിയപ്പോള്‍ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ പരിശ്രമത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിയുടെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നുണ്ട്. കഥാപാത്രത്തിനായി പൃഥ്വി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു.

Content Highlight: Ranjith ambadi about prithviraj’s struggle in desert

We use cookies to give you the best possible experience. Learn more