|

സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് പൃഥ്വി ഒന്ന് രണ്ട് തവണ തളർന്നു വീണിട്ടുണ്ട്: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആടുജീവിതം’. യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപെട്ടിരുന്നു.

പൃഥ്വിരാജ് ആ കഥാപാത്രത്തിന് വേണ്ടി കഷ്ടപ്പെട്ടതിനെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി പറയുകയാണ്. ഷൂട്ടിന്റെ സമയത്ത് പൃഥ്വിരാജ് ഒന്നും കഴിച്ചിരുന്നില്ലെന്നും തങ്ങൾ തിരിഞ്ഞു നിന്നാണ് ഭക്ഷണം കഴിച്ചതെന്നും രഞ്ജിത്ത് പറയുന്നുണ്ട്. ഒന്ന് രണ്ട് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് പൃഥ്വിരാജ് കുഴഞ്ഞു വീണിരുന്നെന്നും എന്നാൽ ഷൂട്ട് തുടരാൻ അദ്ദേഹം പറഞ്ഞെന്നും എന്നാൽ സംവിധായകൻ പാക്കപ്പ് ചെയ്‌തെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു. ആ കഥാപാത്രത്തിന് വേണ്ടി പൃഥ്വിയുടെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങളും രഞ്ജിത്ത് അമ്പാടി പറയുന്നുണ്ട്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഇല്ല പൃഥ്വിരാജ് ഒന്നും കഴിച്ചിരുന്നില്ല. മറ്റുള്ള സ്ഥലങ്ങളിലെ പോലെ ടെന്റോ

മുറികളോ ഒന്നുമില്ല, മരുഭൂമിയിൽ ആണല്ലോ ഷൂട്ട് ചെയ്യുന്നത്. പുള്ളി ഒരു ഓപ്പണിങ് ഏരിയയിൽ ഇരിക്കും, നമുക്ക് എന്തായാലും തിരിഞ്ഞുനിന്നേ ഭക്ഷണം കഴിക്കാൻ പറ്റുകയുള്ളൂ. ഞങ്ങൾ ഒന്ന് രണ്ട് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് പുള്ളി തളർന്നു വീണിട്ടുണ്ട്. തളർന്ന് വീണതിനുശേഷം പുള്ളി ചെയ്യാമെന്ന് പറയുമ്പോൾ ഡയറക്ടർ പാക്കപ്പ് ചെയ്തിട്ടുണ്ട്.

ആ മണലിലൂടെ നമുക്ക് വെറുതെ പോലും നടക്കാൻ പറ്റുകയില്ല. പുള്ളി ഈ ഒരു ശരീരം വെച്ച് അതിലൂടെ ഓടുകയും അത്ര സ്പീഡിൽ നടക്കുകയും ഒക്കെ ചെയ്തപ്പോൾ തളർന്നിട്ടുണ്ട്. അവിടെ നമുക്ക് ഡോക്‌ടേഴ്‌സിന്റെ സൗകര്യങ്ങൾ ഉണ്ടായിരുന്നു. എന്നാലും നമുക്ക് ടെൻഷൻ ഉണ്ടാകും. ഒന്നാമത് അത് ഒരു കൊറോണ സമയം കൂടിയാണ് , എന്ത് വേണമെങ്കിലും സംഭവിക്കാം. അത്ര ആരോഗ്യമുള്ള ആളുകൾക്ക് പോലും പിടിച്ചുനിൽക്കാൻ പറ്റാത്ത സമയമാണ്.

ലോഹ പോലെയുള്ള ഒരു വസ്ത്രമാണ് ധരിച്ചിരുന്നത്. അത് ഇട്ടുകൊണ്ട് നേരെ നടക്കാൻ പറ്റുകയില്ല. അതിന്റെ കൂടെ ഷൂസുമല്ലാ ക്ലോത്തുമല്ലാ എന്ന രീതിയിലുള്ള ചെരുപ്പാണ്. അതിൻ്റെ കൂടെ വലിയ ജട പിടിച്ച വിഗ്ഗുണ്ട്, കൂടെ താടിയുണ്ട്. സ്കിൻ മുഴുവൻ ടാനാണ്. പിന്നെ ഒരുപാട് മുറിവിന്റെ പാടുകൾ ഉണ്ട്, എക്സ്ട്രാ ഒരു പല്ലുണ്ട്. നമ്മൾ വേറൊരു പല്ല് എടുത്തു വെച്ചിരിക്കുകയാണ്. അതുപോലെ പല്ലിന്റെ താഴത്തെ ലെയറിൽ കളർ ചെയ്തിട്ടുണ്ട്.

അതിലുപരി എല്ലാ വിരലിലും നഖങ്ങളുണ്ട്. എവിടെയെങ്കിലും ഇടിച്ചു പൊട്ടി, കടിച്ചു കളഞ്ഞ പോലത്തെ നഖങ്ങളാണ് ഈ പത്ത് വിരലിലും കൊടുത്തിരിക്കുന്നത്. നഖം ഉള്ളതുകൊണ്ട് ഒരു മൊബൈൽ പോലും ഉപയോഗിക്കാൻ പറ്റുകയില്ല. ആകെ പുള്ളിക്ക് സ്ട്രോ വെച്ച് ലിക്വിഡ് ആയിട്ടുള്ള കാര്യങ്ങൾ കുടിക്കാം. ബ്രേക്ക് ടൈമിൽ നമ്മൾ ഒന്നോ രണ്ടോ നഖങ്ങൾ മാറ്റി കൊടുക്കും,’ രഞ്ജിത്ത് അമ്പാടി പറയുന്നു.

Content Highlight: Ranjith ambadi about prithiraj struggle during the movie  ‘aadu jeevitham’

Video Stories