ടൊവിനോ മുതൽ കമൽ ഹാസനും സൂര്യയും വരെ; അവസാനം ലാൽ സാറിലേക്ക് എത്തിയ കഥാപാത്രമാണത്: രഞ്ജിത്ത് അമ്പാടി
Film News
ടൊവിനോ മുതൽ കമൽ ഹാസനും സൂര്യയും വരെ; അവസാനം ലാൽ സാറിലേക്ക് എത്തിയ കഥാപാത്രമാണത്: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th April 2024, 2:13 pm

കായംകുളം കൊച്ചുണ്ണിയിലേക്ക് മോഹൻലാൽ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. സിനിമ തുടങ്ങി അവസാനം ആയപ്പോഴും ഇത്തിക്കര പക്കി എന്ന കഥാപാത്രം ചെയ്യുന്ന ആളെ ഫിക്സ് ചെയ്തില്ലായിരുന്നെന്ന് രഞ്ജിത്ത് അമ്പാടി പറഞ്ഞു.

ഷൂട്ടിന് മുൻപ് ടൊവിനോ തോമസ് ചെയ്യാനിരുന്നതായിരുന്നെന്നും അതിന് ശേഷം ശരത് കുമാർ, ചിരഞ്ജീവി, നാഗാർജുനൻ തുടങ്ങി അവസാനം കമൽ ഹാസനും സൂര്യയും വരെ എത്തിയെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു. അങ്ങനെ അവസാനമാണ് മോഹൻലാലിലേക്ക് എത്തിയതെന്നും രഞ്ജിത്ത് അമ്പാടി റെഡ് എഫ്.എം മലയാളത്തോട് പറഞ്ഞു.

‘സിനിമ തുടങ്ങി അവസാനം ആയപ്പോഴും ആ ക്യാരക്ടർ ഫിക്സ് ചെയ്തിട്ടില്ലായിരുന്നു. ഏറ്റവും കൂടുതൽ ആളുകളുടെ പേര് വന്നത് ആ ക്യാരക്ടറിന് ആയിരിക്കും. ഷൂട്ടിനു മുമ്പ് ആദ്യം അത് ടൊവിനോ ചെയ്യാനിരുന്നതായിരുന്നു. ടൊവിനോ പോയി, ശരത് കുമാർ ആയി. അതിനു ശേഷം ചിരഞ്ജീവിയായി, നാഗാർജുനനായി. അവസാനം കമൽ ഹാസൻ വരെ എത്തി. അതിനുശേഷം സൂര്യയിൽ എത്തി. അതൊന്നും ഫൈനൽ ആവാതെ ആയപ്പോഴാണ് ലാൽ സാറിലേക്ക് എത്തുന്നത്.

നമുക്ക് വലിയ ടൈമില്ല. ഇന്ന് പുള്ളി ഫിക്സ് ആയി കഴിഞ്ഞാൽ നാലഞ്ച് ദിവസം കഴിഞ്ഞാൽ പുള്ളി ഷൂട്ടിന് വരണം. പുള്ളി ലൊക്കേഷനിൽ വന്നിട്ട് ലുക്ക് ടെക്സ്റ്റ് നടത്തി, പിറ്റേദിവസം ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞാൽ നടക്കുന്ന കേസ് അല്ല. അതിനുമുമ്പ് തന്നെ നോക്കണം എന്ന് റോഷൻ പറഞ്ഞിട്ട് ഞാനും പ്രൊഡക്ഷൻ ഡിസൈനറും കോസ്റ്റ്യൂം ഡിസൈനറും ഞങ്ങൾ മൂന്നുപേരും കൂടെ മുംബൈയിലേക്ക് പോയി.

കൊച്ചുണ്ണിയുടെ ഷൂട്ട് ഗോവയിൽ ആയിരുന്നു. ഗോവയിൽ നിന്ന് മുംബൈയിലേക്ക് പോയി. അവിടെ നീരാളിയുടെ ഷൂട്ട് നടക്കുകയാണ്. അവിടെ രാവിലെ ചെന്ന് ഉച്ചക്ക് ബ്രേക്ക് ടൈമിൽ ലുക്ക് ടെസ്റ്റ് നടത്തി. നമ്മൾ കുറച്ചു ഡ്രെസ് കൊണ്ടു പോയിരുന്നു. അങ്ങനെ അവിട കാരവനിൽ വെച്ച് തന്നെ ടെക്സ്റ്റ് ലുക്ക് ചെയ്തിട്ട് അതിന്റെ ഫോട്ടോസ് ഡയറക്ടറിന് അയച്ചു. അന്ന് വൈകിട്ട് തന്നെ തിരിച്ചു വന്നു. അതിൽ കുറച്ച് ചേഞ്ചസ് ഉണ്ടായിരുന്നു. നീരാളിയുടെ ഗെറ്റപ്പ് കളയാൻ പറ്റില്ല, അത് തന്നെ വെച്ചിട്ടാണ് നമ്മുടെ ലുക്കിലേക്ക് മാറ്റിയത്. വന്ന് രണ്ടു ദിവസം കഴിഞ്ഞിട്ട് ഷൂട്ട് ചെയ്തു,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Content Highlight: Ranjith ambadi about kayam kulam kochunni’s mohanlal’s role