സിവ സംവിധാനം ചെയ്ത സൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കങ്കുവ. 1600 വർഷം മുൻപത്തെ കഥയാണ് സിനിമയുടേത്. വർഷങ്ങൾക്കപ്പുറമുള്ള കഥ പറയുന്ന സിനിമയിലെ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കുന്നതിൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ കഴിവ് വലുതാണ്. ആടു ജീവിതത്തിൽ വർക്ക് ചെയ്തതുകൊണ്ട് കങ്കുവയിലേക്ക് എത്തിപ്പെട്ടതാണ് മലയാളിയായ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി.
പൊതുവെ ഒരു സിനിമയിലെ മേക്കപ്പ് ടീമിൽ അഞ്ചോ ആറോ ആളുകൾ മാത്രമേ ഉണ്ടാവുകയുള്ളൂയെന്നും എന്നാൽ കങ്കുവയിൽ 40 ഓളം ആളുകളാണ് തന്റെ ഗ്രൂപ്പിൽ മാത്രം ഉണ്ടായിരുന്നതെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു. ഇരുന്നൂറ് മുതൽ ഇരുന്നൂറ്റിയമ്പത് ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ടാകുമെന്നും അവർക്കെല്ലാം ട്രൈബൽ ലുക്കിലേക്ക് മാറ്റേണ്ടി വന്നിരുന്നെന്നും രഞ്ജിത്ത് അമ്പാടി പറയുന്നുണ്ട്.
രാത്രി രണ്ടരക്കോ മൂന്നു മണിക്കോ മേക്കപ്പ് തുടങ്ങിയാൽ മാത്രമേ രാവിലെ എട്ട് മണിക്കുള്ള ഷോട്ടിന് ആർട്ടിസ്റ്റുകളെല്ലാം തയ്യാറാവുകയുള്ളൂയെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാധാരണ ഒരു സിനിമയിൽ ഒരു മേക്കപ്പ് ടീം എന്ന് പറഞ്ഞാൽ നാലോ അഞ്ചോ ആറോ ആളുകൾ ഉണ്ടാവുകയുള്ളൂ. ഇതിൽ നമ്മൾ 40 ഓളം പേരായിരുന്നു. എൻ്റെ ഗ്രൂപ്പ് മാത്രം അത്രയും പേരുണ്ടായിരുന്നു. 200,250 ജൂനിയർ ആർട്ടിസ്റ്റുകൾ എന്ന് പറയുന്നുണ്ടെങ്കിലും ഇവർക്കൊക്കെ ട്രൈബൽസ് ലുക്കാണ്.
ജഡ പിടിച്ച മുടികളും ശരീരത്തിൽ അങ്ങനെയുള്ള കളർ കാര്യങ്ങളൊക്കെ വേണമായിരുന്നു. അവരുടെ കണ്ണിന്റെ കളർ, കോൺടാക്ട് ലെൻസ് പല്ലിൻ്റെ കളർ അങ്ങനെയുള്ള ഭയങ്കര ഡീറ്റൈലിങ് കാണിക്കണം. ഇത്രയും പേരെ രാവിലെ എട്ട് മണിക്ക് റെഡി ആക്കണമെങ്കിൽ ശരിക്കും പറഞ്ഞാൽ നമ്മൾ 40 പേര് മതിയാകില്ല . രാത്രി 2:30, മൂന്ന് മണിക്ക് തുടങ്ങിയാലെ എട്ട് മണിക്ക് ഷോട്ട് എടുക്കാൻ പറ്റുകയുള്ളൂ,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.
അതേസമയം ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെയും മേക്കപ്പ് ചെയ്തിട്ടുള്ളത് രഞ്ജിത്ത് അമ്പാടിയാണ്. ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ഇറക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Content Highlight: Ranjith ambadi about kanguva movie’s makeup