Film News
'എന്തായാലും സാറിന് ആടു ജീവിതത്തിനും ഈ പടത്തിനും അവാർഡ് കിട്ടും' ജ്യോതിക പറഞ്ഞു: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 14, 01:40 pm
Tuesday, 14th November 2023, 7:10 pm

സൂര്യ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന 1600 വർഷം മുൻപത്തെ കഥ പറയുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിലെ പ്രധാന മേക്കപ്പ് ആർട്ടിസ്റ്റ് മലയാളിയായ രഞ്ജിത്ത് അമ്പാടിയാണ്. കങ്കുവയുടെ ലൊക്കേഷനിൽ ജ്യോതിക വന്നപ്പോഴുണ്ടായ തന്റെ അനുഭവം സില്ലി മോങ്ക്സ് മോളിവുഡിനോട് പങ്കുവെക്കുകയാണ് രഞ്ജിത്ത് അമ്പാടി.

ലൊക്കേഷനിൽ വെച്ച് തന്നെ സൂര്യയാണ് അവാർഡ് കിട്ടിയിട്ടുണ്ട് എന്നും ആടുജീവിതത്തിൽ വർക്ക് ചെയ്തിട്ടുണ്ട് എന്നും പറഞ്ഞ് പരിചയപെടുത്തിയതെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു. ‘എന്തായാലും സാറിന് ആടു ജീവിതത്തിന് അവാർഡ് കിട്ടും, ഈ പടത്തിനും താങ്കൾക്ക് അവാർഡ് കിട്ടും’ എന്നായിരുന്നു ജ്യോതികയുടെ മറുപടിയെന്നും രഞ്ജിത്ത് പറയുന്നുണ്ട്. താൻ മലയാളിയാണെന്ന് അറിഞ്ഞപ്പോൾ മലയാളികളാണ് നിറയെ അവാർഡ് വാങ്ങാറുള്ളതെന്നും ജ്യോതിക പറഞ്ഞെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു.

‘ കങ്കുവയുടെ ലൊക്കേഷനിൽ ആദ്യ ദിവസം ഞാൻ സൂര്യ സാറുമായി പരിചയപ്പെടുകയാണ്. ഞാൻ മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ പുള്ളി ഭയങ്കര സന്തോഷത്തിൽ കൈ ഒക്കെ തന്നു. വേറെ ഏതെങ്കിലും പടങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ആടുജീവിതം കഴിഞ്ഞതേയുള്ളൂ എന്ന് പറഞ്ഞപ്പോൾ ബൈ പറഞ്ഞു പോകുന്ന ആൾ വീണ്ടും വന്നിട്ട് ഷേക്ക് ഹാൻഡ് തന്നിട്ട് ‘ഞാൻ ഭയങ്കര മിസ്സ് ചെയ്ത സിനിമയാണ്, നമ്മൾ ഇല്ലല്ലോ’ എന്ന വിഷമവും പറഞ്ഞു.

അത് കഴിഞ്ഞ് രണ്ടുമൂന്നു ഷെഡ്യൂൾ കഴിഞ്ഞിട്ട് ലൊക്കേഷനിൽ അദ്ദേഹത്തിന്റെ ഭാര്യ ജ്യോതിക വന്നിരുന്നു. നമ്മുടെ മേക്കപ്പ് ടെന്റ് ഒരു കിലോമീറ്റർ അപ്പുറത്താണ്. അദ്ദേഹം നമ്മളെ വിളിച്ചുവരുത്തി ജ്യോതികയുടെ അടുത്ത് എന്നെ പരിചയപ്പെടുത്തി. ‘ ഇതാണ് രഞ്ജിത്ത്, അവാർഡ് കിട്ടിയിട്ടുണ്ട്, ആടുജീവിതത്തിൽ വർക്ക് ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു.

അത് കേട്ടപ്പോൾ പുള്ളിക്കാരി ഭയങ്കര സന്തോഷത്തോടെ ‘എന്തായാലും സാറിന് ആടു ജീവിതത്തിന് അവാർഡ് കിട്ടും, ഈ പടത്തിനും താങ്കൾക്ക് അവാർഡ് കിട്ടും’ എന്ന് പറഞ്ഞു. എല്ലാം കഴിഞ്ഞിട്ടാണ് മലയാളിയാണോ എന്ന് ചോദിച്ചത്. ഞാൻ പകുതി മലയാളവും തമിഴും മിക്സ് ചെയ്തിട്ടാണ് സംസാരിക്കുന്നത്. അതെ മലയാളിയാണ് എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് മാഡം മലയാളിയാണോ എന്ന് ചോദിച്ചതെന്ന് ചോദിച്ചപ്പോൾ ‘മലയാളികളാണ് നിറയെ അവാർഡുകൾ വാങ്ങിയിട്ടുള്ളത്’ എന്നായിരുന്നു ജ്യോതികയുടെ മറുപടി. രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Content Highlight: Ranjith ambadi about jyothika’s compliment