ആടുജീവിതത്തിലെ നജീബിന്റെ ലുക്ക് ടെസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. സ്ക്രിപ്റ്റ് വായിച്ചതിന് ശേഷം താൻ ബ്ലെസിയോട് യഥാർത്ഥ നജീബ് മരുഭൂമിയിൽ ഉള്ളപ്പോൾ എങ്ങനെ ആയിരുന്നു എന്ന് ചോദിച്ചിരുന്നെന്ന് രഞ്ജിത്ത് പറഞ്ഞു.
എന്നാൽ ആർക്കും അറിയില്ലെന്നും നജീബിനെ കണ്ടപ്പോൾ അദ്ദേഹം താടിയും മുടിയും ഒക്കെ ഉണ്ടെന്നാണ് പറഞ്ഞതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ക്രിപ്റ്റ് വായിച്ചിട്ട് ഞാൻ ബ്ലെസി സാറിനോട് ചോദിച്ചു റിയൽ നജീബ് ആ സമയത്ത് എങ്ങനെ ആയിരിക്കും എന്ന്. സാർ വഴി ഞങ്ങൾ അത് അന്വേഷിച്ചു. ആ ലുക്ക് എങ്ങനെയാണെന്ന് വേറെ ആരും കണ്ടിട്ടില്ല. അത്രയും വർഷം അവിടെ ആയിരുന്നല്ലോ. ഇപ്പോഴത്തെ പോലെ ഫോട്ടോ എടുത്തു വെക്കാൻ ഒന്നും പറ്റിയിട്ടില്ല.
ആർക്കും അറിയില്ല നജീബിന്റെ ലുക്ക് എങ്ങനെയാണെന്ന്. ഷൂട്ട് ഫുൾ ഷൂട്ട് കഴിഞ്ഞിട്ട് റിയൽ നജീബ് പൃഥ്വിരാജിനെ കാണുന്നുണ്ട്. അത് നമ്മൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിനുമുമ്പ് തന്നെ ഫോട്ടോസ് ഒക്കെ നജീബ് കണ്ടിരുന്നു. ഞങ്ങൾ ചോദിച്ചിട്ടുണ്ട് ആ സമയത്ത് ഇങ്ങനെ ആയിരുന്നോ എന്ന്. പുള്ളിക്ക് വലിയ ഓർമ കിട്ടുന്നില്ല. താടിയും മുടിയും ഒക്കെ ഉണ്ടായിരുന്നു അത്രയേ ഉള്ളൂ എന്നാണ് നജീബ് പറഞ്ഞത്. പുള്ളിക്കും കറക്റ്റ് ആയിട്ട് പറയാൻ പറ്റുന്നില്ല,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.
പൃഥ്വിരാജിനെ മേക്കപ്പ് ചെയ്തപ്പോഴുള്ള അനുഭവവും രഞ്ജിത്ത് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ആടുജീവിതത്തിന്റെ സെറ്റിൽ കാരവൻ ഒന്നുമില്ല. മരുഭൂമിയിൽ തന്നെ ഒരു ഷെഡ്ഡ് കെട്ടിയിട്ടിരിക്കുകയാണ്. രാജുവിന് മൊബൈൽ പോലും തുറക്കാൻ പറ്റില്ല. ഞാൻ നോക്കിയപ്പോൾ ലൊക്കേഷൻ ഇരുന്നിട്ട് ഉള്ളം കൈ കൊണ്ടാണ് സ്ക്രോൾ ചെയ്യുന്നത്. നഖം ഉള്ളതുകൊണ്ട് ടച്ച് ചെയ്യാൻ പറ്റുന്നില്ല. ഇത് ഇടക്കിടക്ക് ഒട്ടിക്കാനും ബുദ്ധിമുട്ടാണ്.
അതിനുശേഷം ഒന്ന് രണ്ട് വിരൽ മാത്രം ഊരി വെച്ചിട്ട് മൊബൈൽ ഒക്കെ വർക്ക് ചെയ്തു. ഷോട്ടിന്റെ സമയത്ത് അത് മാത്രം വെക്കും. അപ്പോൾ അത്ര സമയം എടുക്കില്ല. നഖം ഉള്ളതുകൊണ്ട് പുള്ളിക്ക് പല്ല് വെയ്ക്കാൻ പറ്റില്ല. ഇങ്ങനെയുള്ള പല്ല് അവർ സ്വന്തമായിട്ട് ക്ലിപ്പ് ചെയ്യണം.
അത് ചെയ്യണമെങ്കിൽ നഖം വീണ്ടും ഇളക്കണം. അതിന് സമയം പോകും. ഒന്നാമത് കൊവിഡ് സമയമാണ്. ഞാൻ എല്ലാ ഷോട്ടിന്റെ സമയത്തും സാനിറ്റൈസർ ഒക്കെ ഉപയോഗിച്ചിട്ട് പല്ല് വെച്ച് കൊടുക്കും. കട്ട് പറഞ്ഞാല്‍ തന്നെ നമ്മളത് ഊരിയെടുക്കും,’ രഞ്ജിത്ത് അമ്പാടി പറയുന്നു.
Content Highlight: Ranjith ambadi about how he find najeeb’s look