തിരക്കഥ താൻ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നില്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. സംവിധായകൻ രഞ്ജിത്ത് ജയരാജിന്റെ ഗുൽമോഹർ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും അവിടുന്നാണ് തിരക്കഥ സിനിമയുടെ കാര്യം പറയുന്നതെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു.
ഗുൽമോഹർ സിനിമയുടെ സമയത്ത് രഞ്ജിത്തിന്റെ അടുത്ത സിനിമ മേക്കപ്പിന് നല്ല പണി ഉണ്ടെന്ന് പറഞ്ഞെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു. പിന്നീട് താൻ സിനിമയുടെ കഥ കേട്ടെന്നും കാൻസർ ബാധിച്ച ആളുകളെ നേരിട്ട് പോയി കണ്ടെന്നും രഞ്ജിത്ത് അമ്പാടി പറയുന്നുണ്ട്. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിരക്കഥ ശരിക്കും ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നില്ല. രഞ്ജിയേട്ടൻ ജയരാജ് ചേട്ടന്റെ ഗുൽമോഹർ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ രഞ്ജി സാറിന്റെ പ്രജാപതി എന്ന സിനിമയിൽ റഷീദ് ഇല്ലാത്ത സമയത്ത് പോയി വർക്ക് ചെയ്തിട്ടുണ്ട്. ഗുൽമോഹർ നടക്കുന്ന സമയത്ത് പുള്ളി ഇങ്ങനെ പറയുമായിരുന്നു ‘എന്റെ അടുത്ത സിനിമ മേക്കപ്പിന് നല്ല പണി ഉള്ളതാണ്’ എന്ന്.
പിന്നീട് സിനിമയുടെ കഥ കേട്ടു. ഞാൻ വിചാരിച്ചു അങ്ങനെയുള്ള ഒരാളെ റിയൽ ആയിട്ട് കാണണം. റഫറൻസ് നെറ്റിൽ നിന്ന് എടുത്ത് കഴിഞ്ഞാൽ എങ്ങനെയെന്ന് അറിയാൻ പറ്റില്ല. എനിക്കറിയാവുന്ന ഫ്രണ്ട്സിന്റെ ഒക്കെ ഒന്ന് രണ്ട് ആളുകളുണ്ട്. സിനിമയുടെ കാര്യം ഒന്നും പറഞ്ഞില്ല, അല്ലാതെ പോയി. അവരെ കാണുകയും സംസാരിക്കുകയും ചെയ്തു.
എല്ലാവരും പറയുന്ന പോലെ ഷോൾ കെട്ടിയിട്ടാണ് വീട്ടിലിരിക്കുന്നത്. നമ്മളൊക്കെ ആയതുകൊണ്ട് അതൊക്കെ മാറ്റി. അങ്ങനെ ഒന്ന് രണ്ട് പേരെ കണ്ടിരുന്നു. അത് നമുക്ക് ഗുണം ചെയ്തു,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.
ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലാണ് രഞ്ജിത്ത് സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി രംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു രഞ്ജിത്ത് അമ്പാടി.
ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്. അതുപോലെ കമൽ ഹസൻ നായകനാകുന്ന തഗ് ലൈഫിലും സൂര്യ പ്രധാന വേഷത്തിൽ എത്തുന്ന കങ്കുവയിലും രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ആർട്ടിസ്റ്റ്.
Content Highlight: Ranjith ambadi about how he entered in thirakatha movie