| Wednesday, 20th March 2024, 4:37 pm

അവസാന ദിവസം നജീബ് ലൊക്കേഷനിൽ എത്തി; അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ ഓർമ വന്നത് അതൊക്കെയാണ്: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യഥാർത്ഥ നജീബിനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ആടുജീവിതത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. ഷൂട്ടിന്റെ അവസാന ദിവസമാണ് നജീബ് ലൊക്കേഷനിലേക്ക് വരുന്നതെന്നും വന്നതിന് ശേഷം എല്ലാവരോടും സംസാരിച്ചെന്നും രഞ്ജിത്ത് പറഞ്ഞു. നജീബ് ബ്ലെസിയുമായി സംസാരിച്ചിരുന്നെന്നും എന്നാൽ ക്രൂ ആദ്യമായിട്ടാണ് അദ്ദേഹത്തെ കാണുന്നതെന്നും രഞ്ജിത്ത് പറയുന്നു.

നജീബ് പൃഥ്വിരാജുമായി സംസാരിച്ചത് ഷൂട്ട് ചെയ്തിട്ടുണ്ടെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു. താൻ നജീബിന്റേയും പൃഥ്വിരാജിന്റെയും കൂടെ ഒരു ഫോട്ടോ എടുത്തിട്ടുണ്ടെന്നും അത് റിലീസ് അടുക്കുമ്പോൾ പോസ്റ്റ് ചെയ്യുമെന്നും രഞ്ജിത്ത് അമ്പാടി റെഡ് എഫ്.എമ്മിനോട് പറഞ്ഞു.

‘ഷൂട്ടിന്റെ ഏറ്റവും അവസാനത്തെ ദിവസമാണ് യഥാർത്ഥ നജീബ് ലൊക്കേഷനിലേക്ക് വരുന്നത്. വരുമ്പോൾ എല്ലാവരും ആയിട്ട് സംസാരിക്കുന്നുണ്ട്. രാജുവുമായിട്ട് സംസാരിക്കുന്നതൊക്കെ നമ്മൾ ഷൂട്ട് ചെയ്തു വെച്ചിട്ടുണ്ട്. നജീബ് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടായ യഥാർത്ഥ അനുഭവങ്ങളാണ്.

ബ്ലെസി സാറുമായി നജീബ് ഒരുപാട് സംസാരിച്ചതാണ്. ഞങ്ങൾ ക്രൂ ആദ്യമായിട്ടാണ് കാണുന്നത്. പുള്ളി പറയുന്ന പല കാര്യങ്ങളും അതേപോലെതന്നെ നമ്മുടെ ഷൂട്ട് ചെയ്തിട്ടുണ്ട്. പുള്ളിക്കുള്ള അനുഭവങ്ങളൊക്കെ പറയുമ്പോൾ നമുക്ക് ഷൂട്ട് ചെയ്ത സീൻ ഓർമവരും. അത് സിനിമയായി വരുമ്പോൾ ഒരു രസമാണ്.

എല്ലാവരും നജീബ് ആയിട്ട് ഫോട്ടോ എടുക്കാൻ നിൽക്കുന്നുണ്ട്. ഞാൻ വിചാരിച്ചു രണ്ട് നജീബ് ഉണ്ടല്ലോ എന്ന്. ഒന്ന് നമ്മൾ ഉണ്ടാക്കിയ നജീബ് മറ്റൊന്ന് യഥാർത്ഥ നജീബ്. അങ്ങനെ രണ്ട് പേരുടെയും കൂടെ ഫോട്ടോ എടുത്തിട്ടുണ്ട്. അത് റിലീസ് ആകുമ്പോഴേക്കും പോസ്റ്റ് ചെയ്യും,’ രഞ്ജിത്ത് അമ്പാടി.

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിലെ ഓരോ അപ്ഡേഷനുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മേക്കപ്പ് ചെയ്തിരിക്കുന്നത് ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടിയാണ്.

Content Highlight: Ranjith ambadi about his first meet up with najeeb

We use cookies to give you the best possible experience. Learn more