എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സാഗര്‍ ഏലിയാസ് ജാക്കി. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ പുനരവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയമായിരുന്നു നേടിയത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിലെ മോഹൻലാലിൻറെ ഗെറ്റപ്പും വലിയ ശ്രദ്ധ നേടിയിരുന്നു.
ബുൾഗാൻ താടിയിലായിരുന്നു മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ലുക്കിനായി ഒരുപാട് റഫറൻസുകൾ താൻ നൽകിയിരുന്നുവെന്നും മോഹൻലാലിന് മാത്രമല്ല വിനായകൻ, മനോജ് കെ.ജയൻ എന്നിവർക്കും വെറൈറ്റി ലുക്ക് പരീക്ഷിച്ചിരുന്നുവെന്നും ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി പറയുന്നു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമലേട്ടൻ അങ്ങനെയുള്ള സ്റ്റൈലിഷ് സിനിമകൾ എടുക്കുന്ന ഒരാളാണല്ലോ. ലാലേട്ടന്റെ കഥാപാത്രം മാത്രമല്ല അതിൽ വിനായകന്റെ ക്യാരക്ടറിനൊക്കെ ഞങ്ങൾ ഒരു പ്രത്യേക രീതിയിൽ ബ്ലേഡ് ചെയ്തിരുന്നു. മനോജേട്ടനും ഗെറ്റപ്പിൽ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
കാരണം അമലേട്ടന്റെ സിനിമയാകുമ്പോൾ ഒരു സ്റ്റൈലുണ്ടല്ലോ. ഞാൻ കുറെ റഫറൻസൊക്കെ കാണിച്ചുകൊടുക്കും. അങ്ങനെയാണ് ലാലേട്ടന്റെ ബുൾഗാൻ താടിയിലേക്ക് എത്തിയത്. അതിനായി ലാലേട്ടൻ തന്നെ ഒരു ഫോട്ടോ കാണിച്ചു തന്നിരുന്നു.
എന്നാൽ അതിൽ കുറച്ചുകൂടെ വലിയൊരു ടൈപ്പായിരുന്നു. വീരുമാണ്ടിയൊക്കെ പോലെ. അതിന് വീരുമാണ്ടിയൊക്കെ ആയിട്ട് ഒരു കണക്ഷൻ വരുന്നതുകൊണ്ടാണ് അത് മാറ്റിയിട്ട് നമ്മൾ ഇപ്പോൾ കാണുന്ന ഒരു ഗെറ്റപ്പ് തീരുമാനിച്ചത്,’രഞ്ജിത്ത് അമ്പാടി പറയുന്നു.
അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാനിലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലുമാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുറമെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.
Content Highlight: Ranjith Ambadi About Getup Of Mohanlal In Sagar Alice Jacky