| Wednesday, 8th January 2025, 9:54 am

ആടുജീവിതത്തിന് പകരം ബ്ലെസി സാർ ചെയ്യാനിരുന്ന ആ ചിത്രത്തെ കുറിച്ച് ഭ്രമരത്തിന്റെ സെറ്റിൽ വെച്ചാണ് അറിഞ്ഞത്: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും സുപരിചിതനാണ് രഞ്ജിത്ത് അമ്പാടി. ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി.

മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലാണ് രഞ്ജിത്ത് സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി രംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങി വലിയ ശ്രദ്ധ നേടിയ ആടുജീവിതം, കങ്കുവ, സലാർ തുടങ്ങിയ വമ്പൻ സിനിമകളെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സംവിധായകൻ ബ്ലെസിയെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത്. ആദ്യ സിനിമയായ കാഴ്ച ചെയ്യുമ്പോൾ തന്നെ അടുത്ത ചിത്രമായ തന്മാത്രയെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭ്രമരത്തിന്റെ സമയത്ത് ആടുജീവിതത്തെ കുറിച്ച് പങ്കുവെച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു. അന്ന് 2012 ൽ ആടുജീവിതം ചെയ്യണമെന്നാണ് കരുതിയതെന്നും എന്നാൽ അന്നത് നടന്നില്ലെന്നും രഞ്ജിത്ത് പറയുന്നു. മറ്റൊരു സിനിമ ചെയ്യാൻ അന്ന് ബ്ലെസിക്ക് പ്ലാനുണ്ടായിരുന്നുവെന്നും ആ കഥയും താൻ കേട്ടിട്ടുണ്ടെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൗഹൃദമുള്ള സംവിധായകർക്കൊപ്പം വർക്ക് ചെയ്യുമ്പോൾ അവർ നമ്മളെ മേക്കപ്പ് മാനായിട്ട് മാത്രമല്ല കാണുക. മറിച്ച് അസിസ്റ്റന്റ് ഡയറക്ടറെപ്പോലെ സമീപിക്കും. നമുക്ക് നിർദേശങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ലഭിക്കും. അങ്ങനെയുള്ള സിനിമകൾ ചെയ്യുമ്പോൾ എനിക്കും വലിയ സന്തോഷമാണ്.

ബ്ലെസി സാറിനൊപ്പം ഒരുപിടി സിനിമകൾ ചെയ്‌തുകഴിഞ്ഞു. കാഴ്‌ച ചെയ്യുന്ന സമയത്തുതന്നെ അദ്ദേഹത്തിൻ്റെ അടുത്ത സിനിമയായ തന്മാത്രയെക്കുറിച്ച് എന്നോട് പറയുമായിരുന്നു. തുടർച്ചയായ സിനിമകളിൽ വർക്ക് ചെയ്‌തപ്പോൾ അദ്ദേഹം മനസിലുള്ള ഓരോ ത്രെഡും എന്നോട് പങ്കുവെക്കും. 2008ൽ ഭ്രമരത്തിൻ്റെ സമയത്താണ് അദ്ദേഹം ആടുജീവിതത്തിൻ്റെ കാര്യം എന്നോട് പറയുന്നത്.

2012ൽ തുടങ്ങാം എന്നായിരുന്നു അന്ന് പ്ലാൻ ചെയ്ത‌ത്‌. എന്നാൽ നടക്കാതെ വന്നതോടെ പകരം മറ്റൊരു സിനിമ ചെയ്യാം എന്ന് തീരുമാനിച്ചു. ആ കഥയും എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ കഥ മുൻകുട്ടി അറിഞ്ഞ് കഴിയുമ്പോൾ നമുക്ക് ആ സിനിമയോട് വല്ലാത്ത ഒരടുപ്പം തോന്നും.

ബ്ലെസി സാർ മാത്രമല്ല, മഹേഷ് നാരായണനടക്കം സൗഹൃദമുള്ള പലസംവിധായകരും അത്തരം കഥാചർച്ചകൾ നടത്താറുണ്ട്,’രഞ്ജിത്ത് അമ്പാടി പറയുന്നു.

Content Highlight: Ranjith Ambadi About Blessy

We use cookies to give you the best possible experience. Learn more